ആറ്റുകാൽ പൊങ്കാല ഉത്സവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയ്ക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചു. ആദ്യഘട്ടത്തിൽ 120 പേരും പൊങ്കാല ഉത്സവത്തിന് ആയിരത്തോളം വനിതാ പോലീസുകാരെയും വിന്യസിക്കും. ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും ഉണ്ടാകും. ഇത്തവണത്തെ പൊങ്കാലയ്ക്ക് ചരിത്രത്തിൽ ആദ്യമായി ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പ് വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
450 ജീവനക്കാരെ വിന്യസിക്കുന്നതിൽ 50 പേർ വനിതകളാണ്. രണ്ട് സെക്ടറുകളായി തിരിഞ്ഞാണ് ഫയർ ആന്റ് റസ്‌ക്യൂ ടീം പ്രവർത്തിക്കുക. രണ്ട് കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. 44 ഫയർ റസ്‌ക്യൂ എൻജിനുകൾ സജ്ജമാക്കും. ഹൈ പ്രഷർ പമ്പിംഗ് യൂണിറ്റും സജ്ജമാക്കും.
179 സി.സി.ടി.വി ക്യാമറകൾ, ഒരു മെയിൻ കൺട്രോൾ റൂം കൂടാതെ സ്ത്രീകൾക്കുവേണ്ടി പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. അഞ്ച് ഡെഡിക്കേറ്റഡ് പാർക്കിങ് ഏരിയകളും വാഹന പരിശോധന പോയിന്റുകളും സജ്ജീകരിച്ചിട്ടുണ്ട്. പൊങ്കാല മഹോത്സവത്തിനിടയ്ക്ക് കാണാതാവുന്ന ആളുകളെ കണ്ടെത്തുന്നതിനും മെഡിക്കൽ എമർജൻസികൾ നേരിടുന്നതിനും പ്രത്യേക ശ്രദ്ധ നൽകും.