തിരുവനന്തപുരം: കേരളത്തിലെ അസ്വസ്ഥരായ യുവാക്കള്‍ അഗ്നിപര്‍വതം പോലെ പൊട്ടിത്തെറിക്കുന്ന കാലം വിദൂരമല്ലെന്നും അവര്‍ക്ക് പ്രത്യാശ കൊടുക്കാന്‍ പറ്റുന്ന പരിപാടികള്‍ സര്‍ക്കാരിനുണ്ടോയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. ജി.കാര്‍ത്തികേയന്‍ അനുസ്മരണ സമ്മേളനം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
അമേരിക്കന്‍ പ്രസിഡന്റിന്റെ നയങ്ങളുടെ പ്രത്യാഘാതങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നു വരവ്, കുടിയേറ്റത്തിനെതിരെ ഉയരുന്ന ജനവികാരം തുടങ്ങിയവ യുവാക്കളെ എങ്ങനെ ബാധിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിന് കഴിയണം. സ്റ്റാര്‍ട്ടപ്പ് കൊണ്ട് മാത്രം ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല.താന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങി അനേകം പേര്‍ക്ക് തൊഴിലവസരം നല്‍കിയത് പോലുള്ള പുതിയ ആശയങ്ങള്‍ കടന്നുവരണം.സ്വന്തം പാര്‍ട്ടിക്കാര്‍ മാത്രം മതിയെന്നും മറ്റുള്ളവര്‍ സമരം ചെയ്യാന്‍ പാടില്ലെന്നുമുള്ള സര്‍ക്കാര്‍ നിലപാട് മാറണം. മധുരഭാഷണത്തിലൂടെയുള്ള വാഗ്ദാനം നല്‍കി ഇനിയും ചെറുപ്പക്കാരെ കബളിപ്പിക്കാനാവില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ശമ്പളം പോലും അഭ്യസ്തവിദ്യരായ മലയാളിക്ക് നാട്ടില്‍ കിട്ടിന്നില്ല.എല്ലാവരെയും ഒന്നായി കാണാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.
അങ്ങനെയായിരുന്നെങ്കില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ഇത്രയും നാള്‍ സമരം ചെയ്യേണ്ടി വരില്ലായിരുന്നെന്നും എ.കെ.ആന്റണി കുറ്റപ്പെടുത്തി.കാര്‍ത്തികേയന്റെ മുഖത്തെ ചൈതന്യം അദ്ദേഹത്തിന്റെ മനസ്സിന്റെ ശുദ്ധിയായിരുന്നു. കാപട്യത്തിന്റെ കലര്‍പ്പ് അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തിലില്ല.കാര്‍ത്തികേയന്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെത്തിയപ്പോള്‍ ചെറുപ്പക്കാര്‍ക്ക് ദിശാബോധം നല്‍കുകയും അവരുടെ വികാരം പ്രകടിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ രണ്ടാം നേതൃനിരയെ കെട്ടിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. കക്ഷി രാഷ്ട്രീയത്തിന് അതീതമായ പ്രവര്‍ത്തന ശൈലിയാണ് ജി.കെയുടേതെന്നും ആന്റണി പറഞ്ഞു.ലാളിത്യമുള്ള പൊരുമാറ്റം കൊണ്ട് രാഷ്ട്രീയ കക്ഷിഭേദമന്യ ഏവരുടെയും മനസ്സില്‍ ചിരപ്രതിഷ്ഠനേടിയ പൊതുപ്രവര്‍ത്തകനായിരുന്നു ജി.കാര്‍ത്തികേയനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.സാധാരണ പ്രവര്‍ത്തകരുമായും താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുമായും അടുത്ത ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. നിലപാടിന്റെയും ആര്‍ജ്ജവത്തിന്റെയും വ്യക്തിപ്രഭാവത്തിന്റെയും മുഖമായിരുന്നു കാര്‍ത്തികേയന്‍. കോണ്‍ഗ്രസിലെ തിരുത്തല്‍ ശക്തിയായി നിലകൊണ്ട അദ്ദേഹം സാധാരണക്കാര്‍ക്ക് എന്നും പ്രാപ്യനായിരുന്നെന്നും കെ.സുധാകരന്‍ പറഞ്ഞു.ക്ഷോഭിക്കുന്ന യുവത്വത്തിന്റെ നേതാവായിരുന്നു ജി കാര്‍ത്തികേയനെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വെല്ലുവിളികളെ ധീരമായി നേരിട്ടു. ലാഭനഷ്ടത്തിന്റെ കണക്ക് നോക്കി ഒരിക്കലും കാര്‍ത്തികേയന്‍ പ്രവര്‍ത്തിച്ചിട്ടില്ല.എതിരഭിപ്രായം രേഖപ്പെടുത്തുമ്പോഴും കോണ്‍ഗ്രസ് വികാരം കൈവിടാത്ത നേതാവായിരുന്നു കാര്‍ത്തികേയനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ പ്രതിനിധിയായ ശേഷം ഭരണാധികാരികളാകുമ്പോള്‍ അവരുടെ വേഷവും ഭാവവും മട്ടും മാറുന്നുവെന്ന് സിപി ഐ നേതാവ് സി.ദിവാകരന്‍ പറഞ്ഞു. ജയിച്ച് കഴിഞ്ഞാല്‍ സ്വന്തം കാര്യവും പാര്‍ട്ടിക്കാരുടെ താല്‍പ്പര്യവും മാത്രമാണ് മുന്‍ഗണന.
ജനങ്ങള്‍ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് അതീതമാണെന്ന ജനാധിപത്യ ബോധം വേണം. ഇന്ന് സമൂഹത്തില്‍ നടക്കുന്ന എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും ചെറുപ്പക്കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ലഹരിയുടെയും കുറ്റകൃത്യങ്ങളുടെയും ഉറവിടം കണ്ടെത്താന്‍ സര്‍ക്കാരിന് എന്തു കൊണ്ട് കഴിയുന്നില്ല ? തൊലിപ്പുറത്തെ ചികിത്സ കൊണ്ട് യുവാക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഗൗരവായി ഇടപെടണമെന്നും സി.ദിവാകരന്‍ പറഞ്ഞു.ജി.കാര്‍ത്തികേയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മണക്കാട് സുരേഷ് സ്വാഗതം പറഞ്ഞു. കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു, കെ.എസ്.ശബരിനാഥന്‍,ജി.സുബോധന്‍,പന്തളം സുധാകരന്‍, കെ.മോഹന്‍കുമാര്‍,ടി.ശരത്ചന്ദ്ര പ്രസാദ്, പന്തളം സുധാകരന്‍,ചെറിയാന്‍ ഫിലിപ്പ്, മാതൃഭൂമി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് എസ്.എന്‍.ജയപ്രകാശ്, വിതുര ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.ജി.കാര്‍ത്തികേയന്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ എസ്.ജലീല്‍ മുഹമ്മദ്, യൂജിന്‍ തോമസ്, കുളനട ജി രഘുനാഥ്, എംഎസ് അനില്‍, റ്റി.കൃഷ്ണപിള്ള,കുമാരപുരം രാജേഷ്,ആര്‍.ജി.രാജേഷ്,നളിനാക്ഷന്‍ ഇരട്ടപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു.