Sunday, March 9, 2025

HomeNewsKeralaസംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്താണ് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേക്കേറുന്നത്: കെ സുധാകരന്‍ എംപി

സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്താണ് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേക്കേറുന്നത്: കെ സുധാകരന്‍ എംപി

spot_img
spot_img

തിരുവനന്തപുരം: സിപിഎമ്മിന്റയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്ത പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇപ്പോള്‍ ബിജെപിയിലേക്ക് അടപടലം മാറിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാര്‍ട്ടി വോട്ട് ബിജെപിക്കു മറിയുന്നു എന്ന സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അതീവ ഗുരുതരമാണ്.

ബിജെപിയുമായുള്ള പിണറായി വിജയന്റെയും പാര്‍ട്ടിയുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധം പാര്‍ട്ടി അണികളില്‍ ഉണ്ടാക്കിയ അണപൊട്ടിയ രോഷമാണ് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ഒഴുകാനുള്ള സാഹചര്യം ഉണ്ടാക്കിയത്. ബിജെപിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി മുന്നോട്ടുപോകുന്നതിനേക്കാള്‍ ഭേദമല്ലേ ആ പാര്‍ട്ടിയിലേക്കു പോകുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ? വര്‍ഗീയ കാര്‍ഡിറക്കിയുള്ള പിണറായി വിജയന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തോടും പ്രവര്‍ത്തകരില്‍ വലിയ പ്രതിഷേധമുണ്ട്. ഒരു തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ കാര്‍ഡ് ഇറക്കിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ കാര്‍ഡിറക്കും. സ്വന്തം വിശ്വാസ്യതയും പാര്‍ട്ടിയുടെ വിശ്വാസ്യതയും ഇല്ലാതാക്കിയ നേതാവാണ് പിണറായി വിജയന്‍.

കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി സഖ്യകക്ഷികളെ തേടി നടന്ന ബിജെപിക്ക് കേരളത്തില്‍ കിട്ടിയ ഏറ്റവും വിശ്വസ്തനായ പാര്‍ട്ട്ണറാണ് സിപിഎം. 11 പാര്‍ട്ടികളുള്ള ഇടതുമുന്നണിയിലെ പന്ത്രണ്ടാമത്തെ അനൗദ്യോഗിക പാര്‍ട്ടിയാണ് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ സഖ്യം വിജയകരമായി പ്രവര്‍ത്തിക്കുകയും പിണറായി വിജയന്‍ വീണ്ടും അധികാരത്തിലേറുകയും ചെയ്തു. പിണറായി വിജയനെതിരേയുള്ള ലാവ്ലിന്‍ കേസ്, സ്വര്‍ണക്കടത്തു കേസ്, ലൈഫ് മിഷന്‍ കേസ്, മാസപ്പടി കേസ് തുടങ്ങിയ എല്ലാ കേസുകളും ബിജെപി ചവിട്ടിപ്പിടിച്ചു. പിണറായി വിജയന്‍ ഇന്ന് ജയിലില്‍ പോകാതിരിക്കുന്നത് കേന്ദ്രത്തിന്റെ കനിവിലാണ്.

വയനാട് പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും കേന്ദ്രഫണ്ടിലും കേന്ദ്രവിഹിതത്തിലുമൊക്കെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ചതിച്ചെങ്കിലും ഒന്നു ശബ്ദിക്കാന്‍ പോലും പിണറായി വിജയന് കഴിയുന്നില്ല. യുപിഎ സര്‍ക്കാരുകള്‍ക്കെതിരേ ഡല്‍ഹിയില്‍ സ്ഥിരം സമരം നടത്തിയിരുന്ന ആ സുവര്‍ണകാലമൊക്കെ സിപിഎമ്മുകാര്‍ അയവിറക്കുന്നുണ്ടാകും. മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് എന്നുവിളിക്കാന്‍ പിണറായി വിജയന്‍ സമ്മതിക്കില്ല എന്നതാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ ഗതികേട്. ബാബ്റി മസ്ജിദ് തകര്‍ത്തതതും കാലികക്കടത്തിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്നതും ഫാസിസമല്ലേ? പൗരത്വഭേദഗതിനിയമം നടപ്പാക്കിയതും മണിപ്പൂരില്‍ ക്രൈസ്തവരെ കൊന്നൊടുക്കിയതും ഫാസിസമല്ലേ? കല്‍ബുര്‍ഗി, ധബോല്‍ക്കര്‍, ഗൗരിലങ്കേഷ് എന്നിവരെ കൊന്നൊടുക്കിയത് ഫാസിസമല്ലേ?

യുഡിഎഫ് തുടര്‍ച്ചയായി അധികാരത്തിനു പുറത്തിരുത്തിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലെത്തും എന്നാണ് സിപിഎം പ്രചരിപ്പിച്ചിരുന്നത്. അധികാരത്തിനു പുറത്തിരുന്നിട്ടും കോണ്‍ഗ്രസിലെ കൊള്ളാവുന്ന ഒരു നേതാവിനെയും ബിജെപിക്കു കിട്ടിയില്ല. 9 വര്‍ഷം അധികാരത്തിലിരുന്ന് അതിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റുന്ന സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേക്കേറുന്നതിനെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന സമ്മേളനം സത്യസന്ധമായ വിലയിരുത്തല്‍ നടത്തണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments