അനന്തപുരിയെ ഭക്തിയിലാഴ്ത്തി ആറ്റുകാൽ പൊങ്കാല. ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ, നഗരത്തിൽ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിൽ പുണ്യാഹം തളിച്ചു. ആറ്റുകാൽ ദേവിക്ക് പൊങ്കാല നിവേദിച്ച ശേഷം ഭക്തലക്ഷങ്ങൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ ആറ്റുകാൽ പൊങ്കാല മഹോത്സവം സമാപിക്കും.
ആറ്റുകാലമ്മയ്ക്ക് നിവേദ്യമർപ്പിക്കാനായി നിരവധി ഭക്തന്മാരാണ് അനന്തപുരിയിൽ എത്തിച്ചേർന്നിരിക്കുന്നത്. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മുൻ വർഷങ്ങളേക്കാൽ വലിയ തിരക്കാണ് ഇത്തവണ. സംസ്ഥാനത്തെ വിവിധ കോണുകളിൽ നിന്നും ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തർ എത്തിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ നിരവധി ഇടങ്ങളിലായി ഭക്തർ പൊങ്കാല അർപ്പിക്കാനായി അണിനിരന്നിട്ടുണ്ട്.