തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപകമാകുന്ന അമിതമായ ലഹരി ഉപയോഗത്തിനെതിരെ സമൂഹമനസാക്ഷി ഒരുമിച്ച് നിന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് മലങ്കര കത്തോലിക്കാ സഭാ സുനഹദോസ് പുറപ്പെടുവിക്കുന്ന പ്രസ്ഥാവനയില്‍ പറയുന്നു. കേട്ടുകേള്‍വിയില്ലാത്ത വിധം വ്യത്യസ്ഥമായ ലഹരി വസ്തുക്കള്‍ നാട്ടിലാകെ ലഭ്യമാകുന്ന ഗുരുതരമായ സാഹചര്യമാണെന്ന് അറിയുന്നു. .
യൂണിവേഴ്‌സിറ്റികള്‍, കോളേജുകൾ, സ്‌കൂളുകൾ, ഹോസ്റ്റലുകള്‍ ഇവയെല്ലാം ലഹരി വസ്തുക്കളുടെ അനിയന്ത്രിതമായ സംഭരണ കേന്ദ്രങ്ങളും വിതരണ ശൃംഖലകളുമായി തീരുന്നത് ആശങ്കാജനകമാണ്. അതിക്രൂരമായ ക്രിമിനല്‍ കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നതിന് യുവ തലമുറയെ പ്രചോദിപ്പിക്കുന്നത് ലഹരി വസ്തുക്കളാണ്. ലഹരി ഉപയോഗം ആഘോഷമാക്കുന്ന സിനിമകളും സാമൂഹിക മാധ്യമങ്ങളും കര്‍ശനമായ നിരീക്ഷണത്തിനും നിയന്ത്രണത്തിനും വിധേയമാക്കേണ്ടതാണ്. പോലീസിനോടൊപ്പം പൊതുജനങ്ങളും ഒരുമിച്ച് അണിനിരന്നാല്‍ തിന്മയുടെ ശക്തിയെ സമൂഹത്തില്‍ നിന്ന് ആട്ടിപ്പായിക്കുവാന്‍ സാധിക്കുമെന്ന് സുനഹദോസ് പ്രസ്താവിച്ചു. മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ മാര്‍ച്ച് 10 മുതല്‍ തിരുവനന്തപുരം കാതോലിക്കേറ്റ് സെന്ററില്‍ നടന്ന സുനഹദോസ് സമാപിച്ചു.
മലങ്കര പുനരൈക്യത്തിന്റെ ശതാബ്ദിക്ക് ഒരുക്കമായിട്ടുള്ള വചന വര്‍ഷാചരണത്തിന്റെ സമാപനവും പുനരൈക്യ വാര്‍ഷികവും സെപ്റ്റംബറില്‍ പത്തനംതിട്ട രൂപതയില്‍ നടക്കും. 2025-26 ആരാധക്രമ വര്‍ഷമായി ആചരിക്കും. ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസിന്റെ ചുമതലയിലുള്ള സമിതി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
സഭയുടെ വിദ്യാഭ്യാസ കമ്മീഷന്റെ സെക്രട്ടറിയായി ഡോ. ജോജു ജോൺ, അല്‍മായ കമ്മീഷന്റെ സെക്രട്ടറിയായി വർഗീസ് ജോർജ്, മീഡിയ കമ്മീഷൻ സെക്രെട്ടറിയായി ഫാ. സ്‌കോട്ട് സ്ലീബാ എന്നിവരെ തെരഞ്ഞെടുത്തു. സുനഹദോസില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായ്ക്ക് പുറമേ സുനഹദോസ് സെക്രട്ടറി ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കുറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, തോമസ് മാര്‍ അന്തോണിയോസ്, ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ്, വിന്‍സെന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, ഗിവര്‍ഗ്ഗീസ് മാര്‍ മക്കാറിയോസ്, മാത്യൂസ് മാര്‍ പക്കോമിയോസ്, ആന്റണി മാര്‍ സില്‍വാനോസ്, മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, എബ്രഹാം മാര്‍ ജൂലിയോസ് എന്നിവര്‍ പങ്കെടുത്തു.