തൊടുപുഴ: : തൊടുപുഴ ചുങ്കത്തുനിന്ന് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കലയന്താനിയിലെ കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളില്‍ കണ്ടെത്തി. പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. തൊടുപുഴയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. വെള്ളിയാഴ്ച ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നുണ്ട്.
വ്യാഴാഴ്ച രാവിലെ ചായ കുടിക്കാനെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ബിജു തിരിച്ചുവരാഞ്ഞതിനെ തുടര്‍ന്നാണ് പിറ്റേന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിയുമായെത്തിയത്. പിടിയിലായ ചിലരുമായുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് കരുതുന്നത്. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണില്‍ ഒളിപ്പിച്ചെന്ന് പ്രതികള്‍ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളുന്ന മാലിന്യ സംസ്‌കരണ കുഴിയിലേക്ക് പോകുന്ന മാന്‍ഹോളിനാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളില്‍ മാലിന്യങ്ങള്‍ തള്ളിയ നിലയിലായിരുന്നു.
ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കമാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. എറണാകുളത്തുനിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. ബിജുവിന്റെ വീടിന് സമീപത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. പുലര്‍ച്ചെ ശബ്ദം കേട്ടിരുന്നതായി സമീപവാസികളും പൊലീസിന് വിവരം നല്‍കി. പൊലീസ് നടത്തിയ പരിശോധനയില്‍ ബിജുവിന്റെ വസ്ത്രവും ചെരിപ്പും കണ്ടെടുത്തു. തുടര്‍ന്ന് ബിജുവിന്റെ ബന്ധുക്കളുമായി അന്വേഷണം നടത്തി.
കലയന്താനി സ്വദേശിയായ ബിജുവിന്റെ പഴയ ബിസിനസ് പങ്കാളിയുമായി ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചു. എന്നാല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിയിലുള്ളവരില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളുമുണ്ട്. മാന്‍ ഹോളില്‍ മൃതദേഹം ഒളിപ്പിച്ചെന്നാണ് പ്രതികള്‍ പോലീസില്‍ നല്‍കിയ മൊഴി.