Saturday, March 29, 2025

HomeNewsKeralaഎതിർപ്പ് രൂക്ഷമായി: ജലവിഭവ ഡാമിന് കീഴിലെ ബഫര്‍ സോണ്‍ ഉത്തരവ് സർക്കാർ...

എതിർപ്പ് രൂക്ഷമായി: ജലവിഭവ ഡാമിന് കീഴിലെ ബഫര്‍ സോണ്‍ ഉത്തരവ് സർക്കാർ പിന്‍വലിച്ചു

spot_img
spot_img

തിരുവനന്തപുരം- ജനങ്ങളുടെ ആശങ്കയും ആശയക്കുഴപ്പവും സര്‍ക്കാര്‍ മനസിലാക്കുന്നുവെന്ന് മന്ത്രിതിരുവനന്തപുരം: ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളില്‍ 20 മീറ്റര്‍ ബഫര്‍ സോണും 100 മീറ്റര്‍ നിര്‍മാണ നിയന്ത്രണവും ഏര്‍പ്പെടുത്തി പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം അവതരണത്തില്‍ ഇടപെട്ടു സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. മുന്‍പ് നിയമസഭയില്‍ സണ്ണി ജോസഫ് എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുമ്പോഴും ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴും ഉത്തരവില്‍ ആവശ്യമായ മാറ്റം വരുത്തി ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ് തന്നെ പിന്‍വലിക്കുന്നതായി മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത്. കോടതി നിര്‍ദേശ പ്രകാരം സദുദ്ദേശ്യത്തോടു കൂടിയാണ് ഉത്തരവിറക്കിയത്. ഏറ്റവും കുറഞ്ഞ പ്രദേശമാണ് ബഫര്‍ സോണായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആശങ്കയും ആശയക്കുഴപ്പവും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണിത്. 1964 ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്തു. ഇതിനായി ചട്ടങ്ങള്‍ രൂപീകരിക്കുന്ന ഘട്ടത്തിലാണ്. അതു വരുന്നതോടു കൂടി ഇടുക്കിയില്‍ അടക്കം നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് നിലവിലുള്ള ആശങ്കകള്‍ക്കു വിരാമമാകും. ജലസേചന വകുപ്പിന്റെ കൈവശമുള്ള പൊന്നും വിലയ്ക്കു വാങ്ങിയ സ്ഥലത്ത് 40 വര്‍ഷത്തോളമായി താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാരാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പതിനായിരത്തില്‍ അധികം കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ഫലം ലഭിച്ചത്. വേനല്‍ ചൂടില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയത് ഈ സര്‍ക്കാരാണ്. ഇടുക്കിയിലെ ഏലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കൃഷി മന്ത്രി നേരില്‍ കണ്ട് വിലയിരുത്തിയാണ് ഇവര്‍ക്ക് നഷ്ടപരിഹാരം നിശ്ചയിച്ചത്. 10 കോടി രൂപയാണ് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. ജനോപകരമായ പദ്ധതികളാണ് ഇറിഗേഷന്‍ വകുപ്പ് കൊണ്ടുവരുന്നത്. ഇറിഗേഷന്‍ ടൂറിസം ഇതിന്റെ ഭാഗമായുള്ളതാണെന്നും മന്ത്രി പറഞ്ഞു. മലങ്കരയില്‍ ബൃഹത്തായ ടൂറിസം പദ്ധതി നടപ്പാക്കുന്നതുമായി മുന്നോട്ടു പോവുകയാണ്. പാലക്കാട്, എറണാകുളം ജില്ലകളില്‍ രണ്ടു പദ്ധതികള്‍ പൈലറ്റായി നടപ്പാക്കുകയാണ്. ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലങ്ങള്‍ കളിക്കളങ്ങള്‍ക്കായി വിട്ടു കൊടുക്കാന്‍ തീരുമാനിച്ചത് ചെറുപ്പക്കാരെ ലഹരി പോലുള്ള വിപത്തുകളില്‍ നിന്ന് മാറി നില്‍ക്കാന്‍ പ്രേരിപ്പിക്കുക എന്ന് ഉദ്ദേശിച്ചുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകില്ല. ഡാമുകളുടെ ചുറ്റും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനായി കോടതി നിര്‍ദേശ പ്രകാരം പ്രത്യേക നിയമം ഉണ്ടാക്കേണ്ടതുണ്ട്. ഭാവിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടക്കം അനുവദിക്കണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് അനിവാര്യമാണ്. ഡാം സംരക്ഷണവും ജനങ്ങളുടെ സുരക്ഷയും സര്‍ക്കാരിന് പരിഗണിക്കേണ്ടതുണ്ട്. ഇതെല്ലാം പരിഗണിച്ച് എംഎല്‍എമാരുടെ കൂടി അഭിപ്രായ കണക്കിലെടുത്ത് മാത്രമേ പുതിയ ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments