തിരുവനന്തപുരം: പൊരിവെയിലും മഴയും നനഞ്ഞ് സമരം ചെയ്തിട്ടും ആശമാരെ ചര്‍ച്ചയ്ക്ക് വിളിക്കാതെ ഒഴിഞ്ഞുമാറുന്ന ഭീരുത്വത്തിന്റെ പേരാണ് പരിഹാസമെന്ന് നടൻ ജോയി മാത്യു പറഞ്ഞു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സെക്രട്ടറിയേറ്റ് പടിക്കൽ സംഘടിപ്പിച്ച ജനസഭയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സെക്രട്ടേറിയറ്റ് പടിക്കൽ 45 ദിവസമായി തുടരുന്ന സമരം കണ്ടില്ലെന്നു നടിക്കുന്ന, ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന വ്യാജ ഇടതുപക്ഷമായ ഈ സര്‍ക്കാരിനോടുള്ള എതിര്‍പ്പാണ് തനിക്കുള്ളത്.
തൊഴിലിന്റെ മഹത്വം തിരിച്ചറിയാതെ അപമാനിക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വൃത്തികെട്ട മുഖമാണ്. ആശമാര്‍ക്കൊപ്പം ആരോഗ്യ മേഖലയിലെ അടിസ്ഥാന വര്‍ഗമായ ശുചിത്വ പ്രവര്‍ത്തകര്‍ കൂടെ പണി നിര്‍ത്തിയാല്‍ എന്താവും അവസ്ഥ. ഓരോ തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. സാഹിത്യ-കലാ രംഗത്തുള്ളവര്‍ക്ക് ഒരു പോസ്റ്റ് പോലും ഇടാന്‍ ധൈര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.