കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെയടക്കം ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈകോടതിയില്‍.
സംവിധായകന് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ലഭ്യമായ നിര്‍ണായക തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ നടപടി തുടങ്ങിയപ്പോള്‍ ചെന്നൈയിലാണെന്നാണ് അറിയിച്ചത്. അടുത്ത ആഴ്ചയേ തിരിച്ചെത്തൂ. ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് അടക്കം മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്യേണ്ടതുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസംകൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഉപഹരജിയിലാണ് ഇക്കാര്യങ്ങളുള്ളത്.
തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹരജി തള്ളിയ ഹൈകോടതി, ഏപ്രില്‍ 15നകം പൂര്‍ത്തിയാക്കണമെന്ന് മാര്‍ച്ച് എട്ടിന് ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമയം തേടി ഹരജി നല്‍കിയിരിക്കുന്നത്.
ഡിജിറ്റല്‍ തെളിവുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നും ഇനിയും ഒട്ടേറെ ഡിജിറ്റല്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അപേക്ഷയില്‍ പറയുന്നു