കൊച്ചി: കോടഞ്ചേരിയില്‍ മിശ്രവിവാഹിതയായ ജോയ്‌സ്‌നയെ ചൊവ്വാഴ്ച ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം.
പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് നിര്‍ദേശം. ജോയ്‌സ്‌നയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നു.
ഇത് പരിഗണിച്ച ജസ്റ്റിസ് സതീഷ് നൈനാന്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുപ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്. ജോയ്‌സ്‌നയെ കണ്ടെത്താനില്ലെന്ന് കാണിച്ച് പിതാവ് പൊലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്ന് ജോയ്‌സ്‌ന ഭര്‍ത്താവ് ഷെജിനൊപ്പം താമരശ്ശേരി കോടതിയില്‍ ഹാജരായി സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോയതെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് ഷെജിനൊപ്പം പോകാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു.
ഡി.വൈ.എഫ്.ഐ നേതാവായ ഷെജിനും ജോയ്‍സ്നയും തമ്മിലുള്ള മിശ്രവിവാഹം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ജോയ്സ്നയുടെ പിതാവ് ജോസഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അല്ലെങ്കില്‍ എന്‍.ഐ.എ അന്വേഷിക്കണമെന്നും പിതാവ് പറഞ്ഞിരുന്നു.
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം തോമസ് ലവ് ജിഹാദ് ആരോപണം ഉന്നയിച്ചതോടെയാണ് കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവായ ഷെജിനും ജോയ്‍സ്നയും തമ്മിലുള്ള വിവാഹം വിവാദമായത്. തുടര്‍ന്ന് ജോര്‍ജ് എം തോമസ് ആ പ്രസ്താവന തിരുത്തിയിരുന്നു.