തിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനം.
ഇ പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ആകും. പുത്തലത്ത് ദിനേശനായിരിക്കും ദേശാഭിമാനി ചീഫ് എഡിറ്റര്‍. കൈരളി ചാനലിന്‍റെ ചുമതല കോടിയേരി ബാലകൃഷ്ണനാണ്. സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു.
പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.വിജയരാഘവന്‍റെ പകരക്കാരനായി മുന്നണിയെ നയിക്കാന്‍ ഇ.പി ജയരാജനെ സി.പി.എം സെക്രട്ടറിയേറ്റ് ഇന്നലെ തീരുമാനിച്ചിരുന്നു. എ.കെ ബാലന്‍റെ പേരും പരിഗണിച്ചിരുന്നെങ്കിലും സെക്രട്ടറിയേറ്റ് യോഗം ഇ.പിയെ തീരുമാനിക്കുകയായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവായ എസ്.രാമചന്ദ്രന്‍ പിള്ളയ്ക്ക് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്‍റെയും ഇ.എം.എസ് അക്കാദമിയുടെയും ചുമതല നല്‍കി.
നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ഒഴിവിലാണ് ശശിയുടെ നിയമനം. 1996ലെ ഇടതു മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രി ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു പി.ശശി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശ്വസ്തനാണ്.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് 2011ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഈ കേസില്‍ 2016ല്‍ കോടതി കുറ്റവിമുക്തനാക്കി. 2018 ജൂലൈയിലാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.