കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നല്‍കി.
നടന്‍ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. ദുബൈയിലാണ് വിജയ് ബാബു ഇപ്പോഴുള്ളതെന്നാണ് പോലീസ് പറയുന്നത്. ദുബൈയില്‍ വെച്ചുതന്നെ പിടികൂടാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ബലാത്സംഗം നടന്നുവെന്ന പരാതിപ്പെട്ട കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും വിജയ് ബാബുവിന്റെ ഫ്ലാറ്റിലും പോലീസ് റെയ്ഡ് നടത്തി. നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കേസ് പ്രഥമദൃഷ്ട്യാ തെളിഞ്ഞുവെന്ന് പോലീസ് പറയുന്നു.
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് വിജയ് ബാബുവിനെതിരെ യുവനടി പരാതി നല്‍കിയത്. വിജയ് ബാബുവില്‍ നിന്ന് കടുത്ത ലൈംഗിക പീഡനമുണ്ടായതായും പരാതിയിലുണ്ട്. ഇതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ലൈവിലെത്തി വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.