ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ തീകൊളുത്തി. അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു. D1 കോച്ചില്‍ വച്ച് യാത്രക്കാരന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
കോഴിക്കോട് എലത്തൂരിലാണ് സംഭവമുണ്ടായത്. ഇതേ സമയം സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം കോരപ്പുഴ പാളത്തില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയുള്ള അജ്ഞാതന്റെ ആക്രമണം നടന്ന ട്രെയിനില്‍ നിന്ന് ഭയചകിതരായി എടുത്ത് ചാടിയവരാണ് മരിച്ചതെന്നാണ് വിവരം.
ഒരു സ്ത്രീയുടേയും മധ്യവയസ്‌കന്റേയും പിഞ്ചുകുഞ്ഞിന്റേയും മൃതദേഹമാണ് കണ്ടെത്തിയത്.
ആക്രമണം ഭയന്ന് കണ്ണൂര്‍ സ്വദേശിയായ അമ്മയും കുഞ്ഞും ട്രെയിനില്‍ നിന്ന് ചാടിയെന്ന് യാത്രക്കാര്‍ സൂചിപ്പിച്ചിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെയാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്‌മത്തിനേയും രണ്ട് വയസുള്ള മകളേയുമാണ് കാണാതായത്. മരിച്ചത് ഇവര്‍ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.
മറ്റൊരു ട്രെയിനിലെ ലോകോ പൈലറ്റാണ് ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടത്. ഇദ്ദേഹം ഉടന്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.
ഈ യുവതിയുടെ അയല്‍വാസി റാഫിക്കിനും ട്രെയിനിലെ ആക്രമണത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. ഇയാളാണ് ഇരുവരേയും കാണാനില്ലെന്ന വിവരം പങ്കുവച്ചത്. ഇയാള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
യാത്രക്കാര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ട്രെയിൻ നിര്‍ത്തിയിട്ടിരുന്നു . മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ പരുക്കേറ്റ യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പൊലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിലാണ് പൊലീസ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിയത്. ഗുരുതരമായി പരുക്കേറ്റ പ്രിന്‍സ് എന്ന യാത്രക്കാരന്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തലശേരി നായനാര്‍ റോഡ് സ്വദേശി അനില്‍കുമാര്‍, ഭാര്യ സജിഷ, മകന്‍ അദ്വൈത് എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തളിപ്പറമ്ബ് സ്വദേശി റൂബി, തൃശൂര്‍ സ്വദേശി അശ്വതി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തീപടര്‍ന്ന കമ്ബാര്‍ട്ട്‌മെന്റ് പാലത്തിന് മുകളിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
സംഭവത്തില്‍ എട്ട് പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
അക്രമി എന്തോ ഇന്ധനം ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊള്ളലേറ്റ അദ്വൈത് പറഞ്ഞു. പെട്ടന്നുണ്ടായ ആക്രമണമാണെന്നും തീ ആളിപ്പടര്‍ന്നെന്നും അദ്വൈത് പറഞ്ഞു. ദേഹത്തേക്ക് ഇന്ധനം ഒഴിച്ച് തീകൊളുത്തിയ ശേഷം അക്രമി ഓടിരക്ഷപെട്ടെന്ന് പരുക്കേറ്റ യാത്രക്കാരി സജിഷ പറഞ്ഞു.
തീപടര്‍ന്നതോടെ ആളുകള്‍ പരിഭ്രാന്തരായി . അക്രമി ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയത് പാലത്തിന് മുകളിലായതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത നിലയിലായിരുന്നു. ചുവന്ന തൊപ്പി വച്ചയാളാണ് ഓടിരക്ഷപെട്ടതെന്ന് ട്രെയിലുണ്ടായിരുന്ന യാത്രക്കാരി പ്രതികരിച്ചു.
അക്രമം നടത്തിയ ആള്‍ രക്ഷപെട്ടുവെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ നല്‍കുന്ന വിവരം.