തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊലക്കേസ് പ്രതി ടിപ്പര്‍ ലോറിയിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ശരത് പോലീസില്‍ കീഴടങ്ങി. പെരുങ്കടവിള സ്വദേശി രഞ്ജിത്ത് ആര്‍ രാജ് ഞായറാഴ്ച രാവിലെയാണ് ബൈക്കില്‍ സഞ്ചരിക്കവെ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഏഴ് വര്‍ഷം മുമ്പ് നടന്ന വടകര ജോസ് കൊലക്കേസിലെ പ്രതിയാണ് രഞ്ജിത്ത്. കേസിലെ രണ്ട് പ്രതികള്‍ നേരത്തെ മരിച്ചിരുന്നു. പിന്നാലെ രഞ്ജിത്തുകൂടി മരിച്ചതോടെയാണ് സംഭവത്തില്‍ ദുരൂഹത ഏറിയത്.
അപകടത്തിനുശേഷം ഒളിവില്‍പോയ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ശരത്ത് തിങ്കളാഴ്ചയാണ് പോലീസില്‍ കീഴടങ്ങിയത്. താന്‍ ബോധപൂര്‍വം ടിപ്പര്‍ലോറി ബൈക്കില്‍ ഇടിച്ചുവെന്നാണ് ശരത് പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഈസ്റ്റര്‍ ദിനത്തില്‍ രഞ്ജിത്തുമായി വാക്കുതര്‍ക്കമുണ്ടായെന്നും അതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നുമാണ് ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുള്ളത്. കേസില്‍ ശരത്തിനെ പോലീസ് വിശദമായി ചോദ്യംചെയ്യുകയാണ്. അതിനുശേഷമെ ശരത് നല്‍കിയ മൊഴി അടക്കമുള്ളവയില്‍ സ്ഥിരീകരണമുണ്ടാകൂ.
ഞായറാഴ്ച രാവിലെ 10.45-ന് പുനയല്‍ക്കോണത്തുവെച്ചായിരുന്നു അപകടം. ടിപ്പര്‍ ലോറി ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. രഞ്ജിത്തിനെ ടിപ്പറിലുണ്ടായിരുന്ന രണ്ടുപേര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച ശേഷം അവരും ഒളിവില്‍പ്പോയതായി മാരായമുട്ടം പോലീസ് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വടകര ജോസിനെ 2015-ല്‍ മാരായമുട്ടം ബിവറേജസ് മദ്യവില്പനശാലയ്ക്കു മുന്നില്‍വെച്ച് ആറു പേര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
ഈ കേസിലെ രണ്ടാം പ്രതിയാണ് രഞ്ജിത്. വടകര ജോസ് കൊലക്കേസിലെ ഒന്നാം പ്രതിയുള്‍പ്പെടെയുള്ള രണ്ടു പ്രതികള്‍ നേരത്തേ കൊല്ലപ്പെട്ടു. ഈ കേസിലെ മൂന്നാമത്തെ മരണമാണ് രഞ്ജിത്തിന്റേത്. വടകര ജോസ് കൊലക്കേസിലെ വിചാരണ നെയ്യാറ്റിന്‍കര കോടതിയില്‍ നടക്കുകയാണ്. ഈ കേസില്‍ വിധി വരുന്നതിനു മുന്‍പായി പ്രതിചേര്‍ക്കപ്പെട്ട ആറുപേരില്‍ മൂന്നാമത്തെയാളാണ് മരിക്കുന്നത്. അവിവാഹിതനാണ് രഞ്ജിത്.