കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കായി ജാമ്യാപേക്ഷ നല്‍കി. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 1 കോടതിയില്‍ ലീഗല്‍ എയ്ഡ് ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ പി പീതാംബരനാണ് ജാമ്യാപേക്ഷ നല്‍കിയത്.
പ്രതി ഷാരൂഖ് സെയ്ഫിക്കായി ആരും ഹാജരാകാത്ത സാഹചര്യത്തിലാണ് ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ കോടതിയെ സമീപിച്ചത്. ഷാരൂഖിന്റെ കസ്റ്റഡി കാലാവധി തീരുന്ന ഈ മാസം 18 ന് ജാമ്യാപേക്ഷയും പരിഗണിക്കും. ഇന്ന് ഷാരൂഖിനെ തെളിവെടുപ്പിന് കൊണ്ടുപോയില്ല.
ഡല്‍ഹിയില്‍ നിന്ന് ഷാരൂഖ് സെയ്ഫി വന്നിറങ്ങിയ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍, പെട്രോള്‍ വാങ്ങിയ ഷൊര്‍ണൂരിലെ പമ്ബ് എന്നിവിടങ്ങളില്‍ നാളെയെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ട്രെയിന്‍ ഇറങ്ങിയ ശേഷം ഷാരൂഖ് സെയ്ഫി 14 മണിക്കൂറിലേറെ ഷൊര്‍ണ്ണൂരില്‍ ചെലവഴിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഈ സമയം എവിടെയായിരുന്നു, ആരുടെയെങ്കിലും സഹായം കിട്ടിയോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘത്തിനറിയാനുള്ളത്.
ആക്രമണം നടത്തിയ d1, d2 ബോഗികളുള്ള കണ്ണൂരില്‍ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ആക്രമണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന മൊഴിയില്‍ ഷാരൂഖ് സെയ്ഫി ഉറച്ച് നില്ക്കുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുകയാണ്. ചോദ്യം ചെയ്യല്‍ ഏഴാം ദിവസം പിന്നിട്ടിട്ടും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഷാരൂഖ് ഡല്‍ഹിയില്‍ നിന്നെത്തിയ സമ്ബര്‍ക്ക്ക്രാന്തി ട്രെയിന്‍ കടന്ന് പോയ 15 സ്റ്റേഷനുകളിലെ സി സി ടി വി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുകയാണ്.