വിദേശ രാജ്യങ്ങളുടെ മാതൃകയില്‍ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സര്‍ക്കാര്‍തലത്തില്‍ ഇതിനു നടപടി ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മ്മിക്കുന്ന മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടി ‘നാം മുന്നോട്ട്’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപരിപഠനത്തിനായി ധാരാളം വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലേക്കു പോകുന്ന കാലമാണിത്. ഇക്കാര്യത്തില്‍ ഉത്കണ്ഠയുടെ ആവശ്യമില്ല. ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണിത്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാര്‍ത്ഥികള്‍ വൈകാതെ കേരളത്തിലേക്കുമെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ അക്കാദമിക് നിലവാരവും അടിസ്ഥാന സൗകര്യങ്ങളും ശാക്തീകരിക്കപ്പെടുന്നതോടെ വിദേശത്തുനിന്നു പഠനത്തിനായി സംസ്ഥാനത്തേക്കും വിദ്യാര്‍ത്ഥികള്‍ വരും. കേരളം വലിയൊരു വിദ്യാഭ്യാസ ഡെസ്റ്റിനേഷനാകും. നമ്മുടെ കാലാവസ്ഥയും പ്രകൃതിയും നാടിന്റെ ക്രമസമാധാന നിലയുമൊക്കെ ഇതിന് ഏറെ അനുകൂലമാണ്. ഇതു മുന്‍നിര്‍ത്തിയുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള ഹോസ്റ്റല്‍ നിര്‍മാണം ആരംഭിച്ചത് ഇതിന്റെ ഭാഗമാണ്. വലിയ മാറ്റത്തിന്റെ നാളുകളാണു കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉടന്‍ വരാനിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പഠനത്തോടൊപ്പം ജോലി, പഠനത്തിന്റെ ഭാഗമായിത്തന്നെ തൊഴില്‍ നൈപുണ്യ വികസനം തുടങ്ങിയ ആശയങ്ങള്‍ ഏറെ ഗൗരവമായാണു സര്‍ക്കാര്‍ കാണുന്നത്. കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വന്തമായി വന്‍തോതില്‍ സ്ഥലമുണ്ട്. ഇങ്ങനെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ കോഴ്‌സുകളുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നേരിട്ട് അതുമായി ബന്ധപ്പെടാനാകും. അതിനുള്ള നീക്കം നടക്കുകയാണ്. ചില സ്ഥാപനങ്ങള്‍ പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്. ചില മാനേജ്‌മെന്റുകള്‍ ഇതുമായി ബന്ധപ്പെട്ടു സര്‍ക്കാരിനെ ബന്ധപ്പെട്ടിട്ടുമുണ്ട്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തു വരാനിരിക്കുന്ന വലിയ മാറ്റമാകും ഇതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തില്‍നിന്നു നാല് ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും ഉപരിപഠനത്തിനു വിദേശരാജ്യങ്ങളിലേക്കു പോകുന്നുവെന്നാണു കണക്കെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ നിരക്ക് ഇതിനേക്കാള്‍ കൂടുതലാണ്. ഇക്കാര്യത്തില്‍ വലിയ ഉത്കണ്ഠ വേണ്ട. ലോകം കുട്ടികളുടെ കൈയിലാണ്. ഉപരിപഠനത്തിന് എവിടെ പോകണമെന്നും ഏതു സ്ഥാപനത്തില്‍ പഠിക്കണമെന്നുമൊക്കെ ചേറുപ്പം മുതലേ അവരുടെ മനസിലുണ്ട്. മാറുന്ന കാലത്തിനനുസരിച്ചു കുട്ടികള്‍ക്കു ലോകകാര്യങ്ങള്‍ അതിവേഗം ഉള്‍ക്കൊള്ളാനും കഴിയുന്നുണ്ട്. അതിന്റെ ഭാഗമായി അവര്‍ സംസ്ഥാനത്തിനു പുറത്തേക്കും രാജ്യത്തിനു പുറത്തേക്കുമൊക്കെ പഠനത്തിനും ജോലിക്കും പോകാന്‍ തല്‍പരരുമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.