തിരുവനന്തപുരം : മേജര്‍ അതിരൂപതയില്‍ കോര്‍എപ്പിസ്‌കോപ്പമാര്‍ സ്ഥാനമേറ്റു. മലങ്കര കത്തോലിക്കാ സഭയുടെ എപ്പിസ്‌കോപ്പല്‍ സുനഹദോസിന്റെ അംഗീകാരത്തോടെ തിരുവനന്തപും മേജര്‍ അതിരൂപതയില്‍ പുതിയതായി കോര്‍ എപ്പിസ്‌കോപ്പമാരായി നിയമിതരായ റവ. ഡോ. വര്‍ക്കി ആറ്റുപുറത്ത്, റവ. മോണ്‍. ഡോ. ജോണ്‍സണ്‍ കൈമലയില്‍, റവ. ഫാ. ജോണ്‍ കാരവിള എന്നിവര്‍ ചൊവ്വാഴ്ച രാവിലെ പട്ടം സെന്റ്‌മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ചടങ്ങുകളില്‍ സ്ഥാനമേറ്റത്.
മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരായ സാമുവല്‍ മാര്‍ ഐറേനിയോസ് യൂഹാനോനന്‍ മാര്‍ ക്രിസോസ്റ്റം, വിന്‍സെന്റ് മാര്‍ പൗലോസ്, ആന്റണി മാര്‍ സില്‍വാനോസ്, മാത്യൂസ് മാര്‍ പോളി കാര്‍പ്പ് സ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാവിലെ 8.30ന് ശുശ്രൂഷകള്‍ ആരംഭിച്ചു. കുര്‍ബാന മധ്യേ കാതോലിക്കാ ബാവ പുതിയ കോര്‍ എപ്പിസ്‌കോപ്പമാരെ അംശവസ്ത്രങ്ങളും സ്ഥാന ചിഹ്നങ്ങളും അണിയിച്ചു.