കൊച്ചി: പെരുമ്ബാവൂരില്‍ പ്ലൈവുഡ് കമ്ബനിയിലെ തീച്ചൂളയില്‍ വീണ് കാണാതായ പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി നസീര്‍ ഹുസൈന്റെ മൃതദേഹത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തി.
ഉടലിന്റെ ഭാഗങ്ങളും കാല്‍പ്പാദത്തിലെ അസ്ഥിയും പല്ലോടുകൂടിയ താടിയെല്ലും നട്ടെല്ലിലെ ചില കശേരുക്കളുമാണ് ഹിറ്റാച്ചി ഉപയോഗിച്ചുള്ള തിരച്ചിലില്‍ കണ്ടെത്തിയത്. ശേഷിക്കുന്ന ഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമം ഫയര്‍ഫോഴ്സ് തുടരുകയാണ്. കുഴിയിലെ പുക, വെള്ളം പമ്ബുചെയ്ത് കുറച്ചശേഷം മാലിന്യം ഹിറ്റാച്ചികൊണ്ട് കോരി പുറത്തെടുത്താണ് അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നത്.
ഓടക്കാലി യൂണിവേഴ്സല്‍ പ്ലൈവുഡ് കമ്ബനിയിലെ ജീവനക്കാരനായിരുന്ന നസീര്‍ ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു കുഴിയില്‍ വീണത്..പതിനഞ്ചടിക്കുമേല്‍ പ്ലൈവുഡ് മാലിന്യം നിറഞ്ഞിരുന്ന കുഴിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് വെള്ളം ചീറ്റിച്ച് അണയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. അപകടം കണ്ട മറ്റുള്ളവര്‍ ഉടന്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യം മാറ്റി നസീറിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വൈകുന്നേരത്തോടെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഓടക്കാലി സ്വദേശി ടി.പി. മുഹമ്മദിന്റേതാണ് കമ്ബനി.