തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളവും പെന്‍ഷനും മുടങ്ങി. എല്ലാ സര്‍വകലാശാലകളുടെയും ശമ്പളവും പെന്‍ഷനും ഒന്നിച്ചു മുടങ്ങുന്നത് ആദ്യമായാണ്. കഴിഞ്ഞ
രണ്ട് വര്‍ഷമായി കുസാറ്റ് ഒഴികെയുള്ള സര്‍വ്വകലാശാലകളില്‍ ട്രഷറി വഴിയാണ് ശമ്പളവും പെന്‍ഷനും നല്‍കുന്നത്. കണ്ണൂരില്‍ സര്‍ക്കാര്‍ ഗ്രാന്റ് തടഞ്ഞുവെങ്കിലും കുറച്ചു ജീവനക്കാര്‍ മാത്രമുള്ള കണ്ണൂരില്‍ പെന്‍ഷന്‍ ഫണ്ടില്‍ നിന്നും പെന്‍ഷന്‍ അനുവദിച്ചു.
കേരള,കുസാറ്റ്, സര്‍വകലാശാലകള്‍ സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കാത്തതിനാല്‍ അവരുടെ സ്വന്തം ഫണ്ടില്‍ നിന്ന് ഈ മാസം ജീവനക്കാരുടെ ശമ്പളം നല്‍കുകയായിരുന്നു.പെന്‍ഷന്‍ നല്‍കിയില്ല. സംസ്‌കൃത, വെറ്റിനറി,മലയാളം, കലാമണ്ഡലം സര്‍വ്വകലാശാലകളില്‍ കഴിഞ്ഞ മൂന്ന് മാസമായി കൃത്യമായി ശമ്പളവും പെന്‍ഷനും ലഭിക്കുന്നില്ല.അവിടെ ഈ മാസവും തല്‍സ്ഥിതി തുടരുകയാണ്.
കൃത്യമായി ശമ്പളവും പെന്‍ഷനും ലഭിച്ചുകൊണ്ടിരുന്ന ഏറ്റവും കൂടുതല്‍ പെന്‍ഷന്‍കാരുള്ള കേരള,എംജി, കാലിക്കറ്റ്,, കാര്‍ഷിക സര്‍വകലാശാലകളിലാണ് ഗ്രാന്റ് തടഞ്ഞത് കൊണ്ട് ശമ്പളവും പെന്‍ഷനും മുടങ്ങിയത്.
സര്‍വകലാശാലയുടെ പദ്ധതി, പദ്ധതിയേതര ഫണ്ടും, യുജിസി ഗ്രാന്റ്റും കഴിഞ്ഞവര്‍ഷം മുതല്‍ പൂര്‍ണ്ണമായും ട്രഷറിയിലേക്ക് മാറ്റിയിരുന്നു. യൂണിവേഴ്‌സിറ്റി ഫണ്ട് സര്‍ക്കാര്‍ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചതാണ് ഇപ്പോള്‍ ശമ്പളവും പെന്‍ഷനും മുടങ്ങാന്‍ കാരണമായത്.
പെന്‍ഷന്‍ ഫണ്ടിനു വേണ്ടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരള സര്‍വകലാശാല നീക്കിവെച്ചിരുന്ന 500 കോടി രൂപയും കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വകലാശാല ട്രഷറിയിലേക്ക് മാറ്റിയിരുന്നു.
യുജിസി വിവിധ പ്രൊജക്ടുകള്‍ക്ക് അനുവദിച്ചിരുന്ന ഫണ്ട് ട്രെഷറിയിലേയ്ക്ക് മാറ്റിയതോടെ, സമയ ബന്ധിതമായി പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കാനാകില്ലെന്നതിനാല്‍ അധ്യാപകര്‍ പ്രൊജക്ടുകള്‍ ഉപേക്ഷിക്കുകയാണ്.