കത്തോലിക്കാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ ഇതരമത വിദ്യാര്‍ഥികളില്‍ ക്രിസ്ത്യന്‍ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് കാത്തോലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). എല്ലാ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കുക, മറ്റ് മതങ്ങളിലെ വിദ്യാര്‍ഥികളുടെ മേല്‍ ക്രിസ്ത്യന്‍ പാരമ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്, ദിവസേനയുള്ള അസംബ്ലിയില്‍ വിദ്യാര്‍ഥികളെ ഭരണഘടനയുടെ ആമുഖം വായിപ്പിക്കുക, സ്‌കൂള്‍ പരിസരത്ത് ഒരു പൊതു പ്രാര്‍ത്ഥാനാ മുറി സ്ഥാപിക്കുക എന്നീ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കത്തോലിക്കാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സിബിസിഐ നിര്‍ദേശം നല്‍കി.
രാജ്യത്തെ നിലവിലെ സാമൂഹിക-സാംസ്‌കാരിക, മത, രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നല്‍കിയ പ്രധാന നിര്‍ദേശങ്ങളിലാണ് ഇത് ഉൾപ്പെടുന്നത്.ഇന്ത്യയിലെ കത്തോലിക്കാ സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഉന്നത തീരുമാനമെടുക്കുന്ന സംഘടനയാണ് സിബിസിഐ. സിബിസിഐയുടെ കീഴില്‍ ഏകദേശം 14,000 സ്‌കൂളുകള്‍, 650 കോളേജുകള്‍, ഏഴ് സര്‍വകലാശാലകള്‍, അഞ്ച് മെഡിക്കല്‍ കോളേജുകള്‍, 450 സാങ്കേതിക, തൊഴിലധിഷ്ഠിത സ്ഥാപനങ്ങള്‍ എന്നിവ പ്രവർത്തിക്കുന്നുണ്ട്.
ജനുവരിയില്‍ ബംഗളൂരുവില്‍ നടന്ന സിബിസിഐയുടെ 36-ാമത് ജനറല്‍ ബോഡി യോഗത്തിന് ശേഷം തിങ്കളാഴ്ച സിബിസിഐയുടെ വിദ്യാഭ്യാസ, സാംസ്‌കാരിക വകുപ്പ് ഓഫീസ് പുറപ്പെടുവിച്ച 13 പേജുള്ള മാര്‍ഗനിര്‍ദേശങ്ങളിലാണ് ഈ നിര്‍ദേശങ്ങള്‍ ഉള്ളത്. രാജ്യത്തെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ചര്‍ച്ച ചെയ്ത പ്രധാന വിഷയങ്ങളിലാണ് സഭയുടെ ഈ പ്രതികരണം. ക്രിസ്ത്യന്‍ സമൂഹം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പല്‍മാര്‍ക്കും ജീവനക്കാര്‍ക്കും എതിരായി സമീപകാലത്തുണ്ടായ ആക്രമങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആദ്യമായി പുറത്തിറക്കിയത്.
ത്രിപുരയിലെ ഒരു സ്വകാര്യ ക്രിസ്ത്യന്‍ മിഷനറി സ്‌കൂളിലെ അധ്യാപിക ഒരു വിദ്യാര്‍ഥിയുടെ ഹിന്ദു ആചാരപ്രകാരം കൈയ്യില്‍ കെട്ടിയ ചരട് വിലക്കുകയും അത് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ ഒരു കൂട്ടം ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഫെബ്രുവരിയില്‍ തന്നെ ആസാമിലെ ഒരു തീവ്ര ഹിന്ദു സംഘടന സംസ്ഥാനത്തെ ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് 15 ദിവസത്തെ അന്ത്യശാസനം നല്‍കിയിരുന്നു. പുരോഹിതരും കന്യാസ്ത്രീകളും സ്‌കൂളുകളിലെ എല്ലാ ക്രിസ്ത്യന്‍ ചിഹ്നങ്ങളും മതപരമായ ആചാരങ്ങളും നീക്കം ചെയ്യണമെന്നതായിരുന്നു നിര്‍ദേശം.
ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ തമ്മില്‍ യാതൊരു ബന്ധവും ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ അത്തരം സാഹചര്യങ്ങളോട് സഭ ജാഗ്രത പുലര്‍ത്തുകയും സൂക്ഷമമായി നിരീക്ഷിച്ചു വരികയുമാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സിബിസിഐ ദേശീയ സെക്രട്ടറി ഫാ. മരിയ ചാള്‍സ് എസ്‌ഡിബി പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷ ശക്തമാക്കാനും സിബിസിഐ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. വാതിലുകള്‍ പൂട്ടുക, പ്രവേശനത്തിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, സന്ദര്‍ശകര്‍ക്ക് ചെക്ക്-ഇന്‍ നടപടിക്രമങ്ങള്‍ പാലിക്കുക, നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ സുരക്ഷാ നടപടികള്‍ നടപ്പിലാക്കാനും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു.
പ്രധാന സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്നതിനും രാവിലെയുള്ള അസംബ്ലികളില്‍ വിദ്യാര്‍ഥികള്‍ അത് ഏറ്റു ചൊല്ലുന്നതും ശീലമാക്കണം. ഇതിന് പുറമെ വിദ്യാര്‍ഥികള്‍ക്കിടയില്‍ മാത്രമല്ല, സ്‌കൂളിലെ എല്ലാ ജീവനക്കാര്‍ക്കിടയിലും മതപരവും സാംസ്‌കാരികവുമായ സഹിഷ്ണുതയും വൈവിധ്യങ്ങളോടുള്ള ആദരവ് പ്രോത്സാഹിക്കാനും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാനാവുന്നതും യോജിപ്പുള്ളതുമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയില്‍ പരിശീലനം നല്‍കാനും സ്‌കൂളുകളോട് ആവശ്യപ്പെടുന്നുണ്ട്.
ഈ സ്‌കൂളുകള്‍ക്ക് നല്‍കുന്ന ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിന് പുറമെ, സ്‌കൂള്‍ ലോബിയിലും ലൈബ്രറിയിലും ഇടനാഴികളിലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍, ശാസ്ത്രജ്ഞര്‍, കവികള്‍, ദേശീയ നേതാക്കള്‍ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണം. സ്‌കൂള്‍ വളപ്പില്‍ പ്രാര്‍ത്ഥനാ മുറി അഥവാ സര്‍വധര്‍മ പ്രാര്‍ത്ഥനാലയം സ്ഥാപിക്കണം. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രധാനമായും സ്‌കൂളുകളെ ലക്ഷ്യമിട്ടുള്ളതാണെങ്കിലും സഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സാങ്കേതിക, തൊഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.