അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീനും ഭാര്യ ദേവിയും ആര്യയും ‘അന്യഗ്രഹ ജീവി’യുമായി നിരന്തരം ആശയ വിനിമയം ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ പൊലീസിന് ലഭിച്ചു. ആന്‍ഡ്രോമീഡ ഗ്യാലക്സിയില്‍ ജീവിക്കുന്ന മിതി (mythi) എന്ന അന്യഗ്രഹ ജീവിയുമായി നടത്തിയ ആശയ വിനിമയമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കേസിൽ പൊലീസ് തിരയുന്ന നാലാമൻ തന്നെയായിരിക്കാം ഈ ‘അന്യഗ്രഹ ജീവി’ എന്നാണ് നിഗമനം.
അന്യഗ്രഹ ജീവിതത്തെ കുറിച്ചാണ് മിതിയോട് നവീനും ദേവിയും ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഭൂമിക്കു പരിണാമം സംഭവിക്കുമോ എന്നും ചോദിച്ചിട്ടുണ്ട്. മനുഷ്യനെ ഒരു ഗ്രഹത്തില്‍ നിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റുന്നതിനെ കുറിച്ച് മിതി വിവരണം നൽകുന്നുണ്ട്. ദിനോസറുകള്‍ക്ക് ഭൂമിയില്‍ വംശനാശം സംഭവിച്ചിട്ടില്ലെന്നും മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റുകയാണ് ചെയ്തതെന്നും മിതി ദമ്പതികളോട് പറയുന്നു. ഭൂമിയിലെ 90 ശതമാനം മനുഷ്യരെയും മറ്റ് രണ്ട് ഗ്രഹങ്ങളിലേക്ക് മാറ്റാന്‍ കഴിയുമെന്നും സാങ്കല്പിക അന്യഗ്രഹ ജീവി പറയുന്നുണ്ട്.
അന്യഗ്രഹത്തിലേക്കു യാത്ര ചെയ്യാനുള്ള സ്പേസ് ഷിപ്പുകളുടെ വിവിധ ചിത്രങ്ങളും മൂന്നുപേരുടെയും ലാപ്ടോപ്പുകളിലുണ്ട്. മിതി എന്ന പേരിൽ ഇവരുമായി ആശയ വിനിമയം നടത്തിയതാരാണ് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ദേവിയെയും ആര്യയെയും കുടുക്കാൻ നവീൻ തന്നെ തുടങ്ങിയ വ്യാജ ഐഡിയാണോ ഇതെന്നും സംശയമുണ്ട്. അരുണാചലിൽ പോയി മരിച്ചാൽ അന്യഗ്രഹത്തിലേക്ക് പോകാമെന്നാണ് ഇവർ വിശ്വസിച്ചിരുന്നതെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.
മരണത്തിനു പിന്നിലെ മാസ്റ്റർ മൈൻഡ് നവീനാണെന്നാണ് പൊലീസ് സംശയിക്കുന്നത്. തനിക്ക് ശരിയെന്ന് തോന്നിയ കാര്യത്തിലേക്ക് ദേവിയെയും ആര്യയെയും കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് നവീൻ നടത്തിയതെന്നും അതിനുവേണ്ടി വ്യാജ ഐഡികൾ സൃഷ്ടിച്ചതുമാകാമെന്നുമാണ് നിഗമനം. അന്വേഷണത്തിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാകുമെന്നും പൊലീസ് കരുതുന്നു.