കോഴിക്കോട്: ലോകത്തുള്ള മുഴുവൻ മലയാളികളുടെയും മങ്ങാത്ത മനുഷ്യസ്നേഹത്തിന്റെ കൈപിടിച്ച് അബ്ദുൽ റഹീം ഇനി ജീവിതത്തിലേക്ക് തിരികെയെത്തും. സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുകയെന്ന വമ്പൻ ലക്ഷ്യത്തിലേക്ക് മലയാളികൾ ഒരുമനസ്സോടെ മുന്നിട്ടിറങ്ങിയപ്പോൾ ഭീമമായ തുക പിരിഞ്ഞുകിട്ടിയത് ദിവസങ്ങൾക്കുള്ളിൽ. കൈയബദ്ധം മൂലം സൗദി ബാലൻ മരിക്കാനിടയായ സംഭവത്തിൽ 18 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരുകയാണ് അബ്ദുൽ റഹീം. വധശിക്ഷയിൽനിന്ന് ഒഴിവാക്കാൻ സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപയാണ് മലയാളികൾ കൈകോർത്ത് സമാഹരിച്ചത്. തുക സൗദി കുടുംബത്തിന് നൽകാനുള്ള അന്തിമ ദിവസത്തിന് മൂന്നു ദിനം ശേഷിക്കേയാണ് 34 കോടി പൂർണമായി സ്വരൂപിച്ചത്.
റഹീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാനമായും ധനം സമാഹരിച്ചത്. ഇതുവഴി 31,93,46,568 രൂപ ബാങ്കിലെത്തി. 2.52 കോടി രൂപ പണമായി നേരിട്ട് കോഴിക്കോട് ഫറോക്ക് കോടമ്പുഴയിലുള്ള റഹീമിന്റെ വീട്ടിലെത്തിയിരുന്നു. ഇത് പ്രകാരം മൊത്തം 34,45,46,568 രൂപ ലഭിച്ചു. ബോബി ചെമ്മണ്ണൂര്‍ നൽകിയ ഒരു കോടി രൂപ ഉൾപെടെയാണ് വമ്പൻ ലക്ഷ്യത്തിലേക്ക് നിശ്ചിത ദിവസങ്ങൾക്കുള്ളിൽ എത്തിയതെന്ന് ധനസഹായ സമിതി ഭാരവാഹികൾ വ്യക്തമാക്കി.
പണ സമാഹരണം വെള്ളിയാഴ്ച ഉച്ചയോടെ 30 കോടി കവിഞ്ഞിരുന്നു. മണിക്കൂറുകൾക്കുള്ളിലാണ് നാലു കോടി രൂപ കൂടി ലഭിച്ചത്. ചൊവ്വാഴ്ചയാണ് പണം നൽകാനുള്ള അവസാന തീയതി. ഫണ്ട് കലക്ഷന്റെ സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള ഓഡിറ്റിങ്ങിന് വേണ്ടി പ്രത്യേക ആപ്പിന്റെ പ്രവർത്തനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വൈകീട്ട് 4.30 വരെ നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് 34 കോടി സമാഹരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചത്. ഇവിടെ പിരിച്ചെടുത്ത പണം ഇന്ത്യൻ എംബസി വഴി സൗദിയിലെത്തിക്കും. ഇതിനായി ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.