കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ. പ്രതിസന്ധിഘട്ടത്തില്‍ സഭയെ സഹായിച്ചവരെ തിരികെ സഹായിക്കാനും കരുതുവാനും ഉത്തരവാദിത്തമുണ്ടെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സര്‍ക്കുലറില്‍ വ്യക്തമാക്കി.
യാക്കോബായ സഭയുടെ അസ്ഥിത്വം സംരക്ഷിക്കുമെന്ന് പുത്തന്‍കുരിശില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം സൂചിപ്പിച്ചാണ് എല്‍.ഡി.എഫിന് പരോക്ഷ പിന്തുണ സഭ പ്രഖ്യാപിക്കുന്നത്. സഭാ തര്‍ക്കം പരിഹരിക്കുന്നതില്‍ ലഭിച്ച ഉറപ്പും പ്രതീക്ഷയും സര്‍ക്കുലറില്‍ വിവരിക്കുന്നുണ്ട്.
അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടെന്ന് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. മണിപ്പൂര്‍, സി.എ.എ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്നും സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുംപെട്ടവര്‍ സഭയിലുണ്ട്. അവരുടെ രാഷ്ട്രീയ നിലപാടുകളില്‍ ഒരു ശക്തിയാകാന്‍ സഭ ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും നേടിയെടുക്കുന്നതിന് വേണ്ടി സമ്മര്‍ദ ശക്തിയാകാനും സഭയില്ല. ഏറ്റവും അര്‍ഹതപ്പെട്ടവര്‍ വിജയിച്ചു വരട്ടെയെന്നും ബിജു ഉമ്മന്‍ ചൂണ്ടിക്കാട്ടി.