തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പൊലീസ്. ഡ്രൈവർ യദു നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീക്കാനാണ് ഡ്രൈവർ യദുവിന്റെ നീക്കം. മേയര്‍ക്കും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടില്ല. ബസ് തടഞ്ഞ് ട്രിപ്പ് മുടക്കിയെന്നായിരുന്നു ഡ്രൈവര്‍ യദുവിന്റെ പരാതി. ഡ്രൈവര്‍ മോശമായി പെരുമാറിയതുകൊണ്ടാണ് ബസ് തടഞ്ഞതെന്നാണ് പൊലീസിന്റെ ന്യായീകരണം.
മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നാണ് പൊലീസ് പറയുന്നത്. ഡ്യൂട്ടി തടസപ്പെടുത്തിയതിനും മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യാനാണ് യദുവിന്റെ തീരുമാനം. പൊലീസിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ടിഡിഎഫ്, കെഎസ്ആർടിസി ചീഫ് ഓഫീസിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കന്‍റോൺമെന്‍റ് സ്റ്റേഷനിലേക്കും മാർച്ച് നടത്തി. കെഎസ്ആർടിസി വാഹനം തടഞ്ഞാൽ പരാതിപ്പെടേണ്ടത് കെഎസ്ആർടിസി ആണ് എന്നാൽ ഇതുവരെ ആ പരാതി നൽകാൻ കെഎസ്ആർടിസി പോലും തയ്യാറായിട്ടില്ല.