തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനുശേഷം സംസ്ഥാനത്ത് ആത്മഹത്യാനിരക്ക് കുത്തനെ കൂടി. ലോക്ഡൗണ്‍ കാലഘട്ടമായ 2020-21-ന് മുന്‍പ് പ്രതിവര്‍ഷം ശരാശരി 7500-നും 8500-നും ഇടയ്ക്കായിരുന്നു സംസ്ഥാനത്തെ ആത്മഹത്യ. എന്നാല്‍, ലോക്ഡൗണിനുശേഷം ഇത് 10,000-ത്തിന് മുകളിലായി ഉയര്‍ന്നു.
2021-ല്‍ 6227 പേരാണ് സ്വമേധയാ ജീവനൊടുക്കിയത്. 2022-ല്‍ 10,177 പേരും 2023-ല്‍ 10,994 പേരും 2024-ല്‍ 10,779 പേരും 2025 ഫെബ്രുവരിവരെ മാത്രം 1785 പേരും ജീവിതമവസാനിപ്പിച്ചു. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ വിവരപ്രകാരം ദേശീയ ശരാശരിയുടെ ഇരട്ടിയാണ് സംസ്ഥാനത്തെ ആത്മഹത്യ.
2022-ല്‍ ഒരുലക്ഷംപേരില്‍ 28.5 ശതമാനമാണ് ജീവനൊടുക്കിയത്. ദേശീയ ശരാശരി 12.04%. ലോക്ഡൗണിനുശേഷം സംസ്ഥാനത്തെ മാറിയ സാമൂഹികസാഹചര്യമാണ് ആത്മഹത്യാപ്രവണത കൂട്ടിയതെന്നാണ് വിദഗ്ധരുടെ നിഗമനം.
80 ശതമാനം ആത്മഹത്യയും പുരുഷന്മാര്‍ക്കിടയിലാണ്. 60 ശതമാനവും 45 പിന്നിട്ടവര്‍. 50 ശതമാനം ആത്മഹത്യകള്‍ക്കുപിന്നിലും സാമ്പത്തികപ്രതിസന്ധിയും കുടുംബപ്രശ്‌നങ്ങളും. വിവാഹിതരായ സ്ത്രീകളിലാണ് ആത്മഹത്യാപ്രവണത കൂടുതല്‍. 80 ശതമാനവും തൂങ്ങിമരണം.
സാമ്പത്തികമാന്ദ്യം, ജോലി നഷ്ടമായി തിരികെയെത്തിയ പ്രവാസികള്‍, കോവിഡ് കാരണം ബിസിനസിലുണ്ടായ തകര്‍ച്ച, യുവത്വത്തിന്റെ ലഹരിയുപയോഗം, സാമൂഹികമാധ്യമ ആസക്തി, അണുകുടുംബങ്ങളിലെ ജീവിതസാഹചര്യം എന്നിവയും ആത്മഹത്യാനിരക്ക് കൂട്ടിയിട്ടുണ്ട്.
നവസംരംഭകരില്‍ ഭൂരിഭാഗത്തിനും കോവിഡ് ലോക്ഡൗണിനെ അതിജീവിക്കുക കനത്ത വെല്ലുവിളിയായിരുന്നു. അതിനെ മറികടന്നവര്‍ക്കുപോലും തുടര്‍ന്നുണ്ടായ സാമ്പത്തികമാന്ദ്യം അതിജീവിക്കാനായില്ലെന്നാണ് നിഗമനം.