തിരുവനന്തപുരം: ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേർന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തിൽ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യ വകുപ്പ്. . 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കൻഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയൻ ദ്വീപുകളിൽ തുടങ്ങി ഏഷ്യൻ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. ഇപ്പോൾ 15000 .ത്തോളം ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കൾ ഉൾപ്പെടെ ഒട്ടേറെ ആളുകൾ ആശുപത്രികളിൽ പ്രവേശിക്ക പ്പെടുകയും ചെയ്തിട്ടുണ്ട്.
ഇതിനെ തുടർന്ന് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേർക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ പ്രതിരോധം ശക്തമാക്കാൻ ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈഡിസ് ഈജിപ്തി, ആൽബോപിക്റ്റസ് കൊതുകുകളാണ് ചിക്കൻഗുനിയ പരത്തുന്നത്. അതിനാൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും വ്യക്തിഗത സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലും മഴക്കാലപൂർവ ശുചീകരണ യോഗങ്ങൾ ചേർന്നിരുന്നു. മഴക്കാലപൂർവ ശുചീകരണം എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൃത്യമായി ചെയ്യണമെന്നും ആരോഗ്യ മന്ത്രി അഭ്യർത്ഥിച്ചു.
പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളിൽ (പ്രത്യേകിച്ച് കൈകൾ, കണങ്കാലുകൾ, കാൽമുട്ടുകൾ) അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം, ചില ആളുകളിൽ ചർമ്മത്തിൽ തടിപ്പുകൾ എന്നിവയാണ് ചിക്കൻഗുനിയയുടെ രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടേണ്ടതാണ്.