തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയും സംസ്ഥാന സര്‍ക്കാര്‍ അവരെ ചതിക്കുകയും ചെയ്തതായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പാര്‍ലമെന്റ് ഇപ്പോള്‍ പാസാക്കിയ വഖഫ് നിയമം മുനമ്പത്തെ വിഷയം പരിഹരിക്കാന്‍ പര്യാപ്തമല്ല. ഇക്കാര്യം നിയമം പാസാക്കുന്നതിന് മുന്‍പ് തന്നെ യു.ഡി.എഫ് പറഞ്ഞതാണ്. പുതിയ നിയമം ഒരിക്കലും അവസാനിക്കാത്ത നിയമപ്രശ്‌നത്തിലേക്ക് മുനമ്പം വിഷയത്തെ കൊണ്ടു പോകാനുള്ള സാധ്യതയുമുണ്ട്. പ്രശ്‌നം പരിഹരിക്കാനുള്ള അവസരമാണ് വഖഫ് ട്രിബ്യൂണലില്‍ ഉണ്ടായത്. ഭൂമി വഖഫ് അല്ലെന്ന് അത് നല്‍കിയ സേഠിന്റെ കുടുംബവും ഭൂമി വാങ്ങിയ ഫറൂഖ് കോളജ് മാനേജ്‌മെന്റും ട്രൂബ്യൂണലില്‍ പറഞ്ഞിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന നിലപാട് ആദ്യമായി സ്വീകരിച്ചത് യു.ഡി.എഫാണ്. യു.ഡി.എഫിന്റെ അതേ നിലപാടിലേക്ക് ഭൂമി നല്‍കിയവരും വാങ്ങിയവരും എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അനുകൂലമായ നിലപാട് വഖഫ് ട്രിബ്യൂണലില്‍ നിന്നും ഉണ്ടായേനെ. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനെക്കൊണ്ട് ഹൈക്കോടതിയില്‍ കേസ് കൊടുപ്പിച്ച് വഖഫ് ട്രിബ്യൂണലിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്തു.
മെയ് 19 വരെ മാത്രം വഖഫ് ട്രിബ്യൂണലിന്റെ കാലാവധി ശേഷിക്കവെ മെയ് 29 വരെയാണ് സ്റ്റേ വാങ്ങിയത്. നിലവിലെ വഖഫ് ട്രിബ്യൂണലിന് വിധി പറയാനാകാകില്ല. ഇനി പുതിയ വഖഫ് ബോര്‍ഡ് പാര്‍ലമെന്റില്‍ ബി.ജെ.പി പാസാക്കിയ വഖഫ് നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായാകും നിവില്‍ വരിക. പ്രശ്‌നം പരിഹരിക്കാന്‍ ഉണ്ടായിരുന്ന അവസരത്തെ പിന്നില്‍ നിന്നും കുത്തി ചതിച്ചത് സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് നിയമം കൊണ്ട് മുനമ്പത്തെ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്ന് യു.ഡി.എഫ് തുടക്കം മുതല്‍ക്കെ പറഞ്ഞത് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയും സംസ്ഥാന സര്‍ക്കാര്‍ അവരെ ചതിക്കുകയുമാണ് ചെയ്തത്. മുനമ്പത്തെ പ്രശ്‌നം പരിഹരിക്കാനുള്ള നിയമപരമായ ഫോര്‍മുല യു.ഡി.എഫിനുണ്ട്. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറല്ല. രണ്ടു മതവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാക്കി അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘ്പരിവാര്‍ അജണ്ടയ്ക്ക് കുടപിടിച്ചു കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.
കെ.എം എബ്രഹാമിന് എതിരായ സി.ബി.ഐ അന്വേഷണ നിര്‍ദ്ദേശത്തില്‍ കോടതി വിധി വ്യക്തമാണ്. മുഖ്യമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന വിജിലന്‍സാണ് അന്വേഷണം നടത്തി കുറ്റവിമുക്തനാക്കിയത്. വിജിലന്‍സ് കെ.എം എബ്രഹാമിനെ മനപൂര്‍വം കുറ്റവിമുക്തനാക്കുകയായിരുന്നെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പ്രഥമദൃഷ്ട്യാ കെ.എം എബ്രഹാം കുറ്റക്കാരനാണെന്നതിന് തെളിവുണ്ടെന്നും അതിനാല്‍ സി.ബി.ഐ അന്വേഷിക്കണമെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതു തന്നെയാണ് അജിത് കുമാറിനെതിരായ കേസിലും നടന്നത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സാണ് അജിത് കുമാറിനെയും കുറ്റവിമുക്തനാക്കിയത്. മുഖ്യമന്ത്രിയുടെ വിജിലന്‍സ് അന്വേഷിക്കാത്തതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ പഴയ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ജയിലില്‍ പോകേണ്ടി വന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്തൊക്കെയാണ് നടക്കുന്നത്? ആരൊക്കെയാണ് ആ ഓഫീസില്‍ ഇരിക്കുന്നത്? കിഫ്ബിയുടെ തലപ്പത്ത് കെ.എം എബ്രഹാമിനെ പേലെ ആരോപണവിധേയനായ ഒരാള്‍ ഇരിക്കുന്നതിന്റെ പ്രസക്തി എന്താണ്? ഇവരുടെയൊക്കെ ഉപദേശം കേട്ടാണ് സര്‍ക്കാര്‍ കിഫ്ബി ഉണ്ടാക്കിയത്. ഇപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് കിഫ്ബി മാറി. ഇവരൊക്കെയാണ് ഉപദേശം നല്‍കി സര്‍ക്കാരിനെ ഈ സ്ഥിതിയിലാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപകസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. അത് ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സഹപ്രവര്‍ത്തകനായ എ.ഡി.ജി.പിക്കെതിരെ അജിത് കുമാര്‍ വ്യാജ മൊഴി കൊടുത്തെന്ന് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയിട്ടും മുഖ്യമന്ത്രി ആ റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ കസേരയിലെ കുഷ്യന് അടിയില്‍ വച്ചിരിക്കുകയാണ്. അത് പുറത്ത് വിടില്ല.
ചുറ്റും നില്‍ക്കുന്ന ഉപജാപകസംഘത്തെ രക്ഷിക്കുകയും അവര്‍ പറയുന്നത് മാത്രം കേള്‍ക്കുകയും ചെയ്യുന്ന ഒരാളായി കേരളത്തിലെ മുഖ്യമന്ത്രി മാറിയിരിക്കുകയാണ്.നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് യു.ഡി.എഫ് പൂര്‍ണ സജ്ജമാണ്. ഏത് സമയത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ബൂത്ത് കമ്മിറ്റികള്‍ ഉള്‍പ്പെടെ അത് നേരിടാന്‍ സജ്ജമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ച് ഇപ്പുറത്ത് നിന്നും എന്തെങ്കിലും കിട്ടുമോയെന്ന് നോക്കിയ ശേഷമാണ് എല്‍.ഡി.എഫ് സാധാരണയായി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നത്. എന്നാല്‍ അവരുടെ സ്ഥാനാര്‍ത്ഥിയെ നോക്കിയല്ല യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത്. ചില ചാനലുകള്‍ എല്ലാ ദിവസവും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയാണ്. ഒരു ദിവസം ഒരാളെ പ്രഖ്യാപിക്കും. പിറ്റേന്ന് ആള് മാറും. രാത്രിയാകുമ്പോള്‍ മറ്റൊരാളെ പ്രഖ്യാപിക്കും. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അധികാരമെങ്കിലും ഞങ്ങള്‍ക്ക് വിട്ടു തരണം. ചില ചാനലുകള്‍ക്ക് ഇതില്‍ അജണ്ടയുണ്ട്. മറ്റു ചിലര്‍ അത് ഏറ്റെടുക്കുകയാണ്. സി.പി.എം സ്ഥാനാര്‍ത്ഥിയെ ഒരു ചാനലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലല്ലോ. അങ്ങനെയുള്ളവര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ എന്തിനാണ് പ്രഖ്യാപിക്കുന്നത്? ഇത് ശരിയാണോയെന്ന് ആലോചിക്കണം. നിങ്ങളുടെ വിശ്വാസ്യതയെ കുറിച്ചും ആലോചിക്കണം. ചെയ്യുന്നത് ശരിയാണോയെന്ന് ആലോചിക്കണം. കോണ്‍ഗ്രസിന് പിന്നാലെ ലെന്‍സുമായി ഇങ്ങനെ നടക്കുന്നത് എന്തിനാണെന്നും സതീശൻ ചോദിച്ചു.
?