തിരുവനന്തപുരം: കൂടുതൽ ആഗോള സമുദ്ര വ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന ഒരു പുതിയ കവാടമായി വിഴിഞ്ഞം തുറമുഖം മാറുന്നതോടെ രാജ്യത്തിന്റെ പുതിയ സമുദ്ര യുഗത്തിന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പത്താം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ ഒരോ മലയാളിക്കുമുള്ള സമ്മാനമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിങ്ങ്. മേയ് രണ്ടിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യുന്നതോടെ കേരളം ലോക മാരിടൈം ഭൂപടത്തിലെ പ്രധാന കേന്ദ്രമാവുകയാണ്.
ഇതൊരു പുതിയ തുറമുഖത്തിന്റെ തുടക്കം കുറിക്കൽ മാത്രമല്ല; ഇന്ത്യൻ വ്യാപാരത്തിനും ലോജിസ്റ്റിക്‌സിനും ആഗോള തലത്തിൽ നിർണ്ണായക സ്ഥാനം നൽകുന്ന ഒരു പുതിയ യുഗത്തിന്റെ പ്രാരംഭ മുഹൂർത്തവുമാണ്. ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്ത് നിന്ന് സാമ്പത്തിക മുന്നേറ്റത്തിന്റെ പുതിയ കാറ്റ് വീശാൻ തയ്യാറെടുക്കുന്ന ഒരു വൻകിട പദ്ധതി, കേരള സർക്കാരിന്റെ ഇച്ഛാശക്തിയുടെയും ദീർഘവീക്ഷണത്തിന്റെയും പ്രതീകമായി യാഥാർത്ഥ്യമാവുകയാണ്.
കഴിഞ്ഞ ദിവസം വിഴിഞ്ഞം പോർട്ടിലെത്തി അവിടെ നിർമ്മാണ പുരോഗതിയും കമ്മീഷനിങ്ങിനുള്ള തയ്യാറെടുപ്പും നേരിട്ട് കണ്ടിരുന്നു. രാജ്യത്തെ തന്നെ ആദ്യ സമർപ്പിത ട്രാൻഷിപ്‌മെൻറ് തുറമുഖമാണ് വിഴിഞ്ഞം. ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമാണിത്. അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് പ്രകൃതിദത്തമായ ആഴമുള്ള ഈ തുറമുഖം. ഇന്ത്യൻ കണ്ടെയ്‌നർ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ തുറമുഖമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. വലിയ തോതിലുള്ള വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവുമാണ് ഇതുമൂലം രാജ്യത്തിനുണ്ടായത്. വിഴിഞ്ഞം സജ്ജമാവുന്നതോടെ കൊളംബോ തുറമുഖംകൈകാര്യം ചെയ്യുന്ന നല്ലൊരുഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്പ്‌മെന്റ് കാർഗോയും വിഴിഞ്ഞത്തേക്കെത്തും.
ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള പുലിമുട്ടാണ് വിഴിഞ്ഞത്ത് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് കിലോമീറ്ററോളം നീളത്തിലാണ് പുലിമുട്ടിന്റെ ആദ്യ ഘട്ടം. 28 മീറ്റർ ഉയരം വരുന്ന, ഏകദേശം 9 നില കെട്ടിടത്തിന് തുല്യം ഉയരമുള്ള ഈ നിർമ്മിതി, ഏത് കാലാവസ്ഥയിലും തുറമുഖത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നു.
2023 ഒക്ടോബർ 15 ന് ഷെൻഹുവ എന്ന ചൈനീസ് കപ്പൽ വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടു. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. മൂന്നു മാസത്തോളം നീണ്ടുനിന്ന ട്രയൽ റൺ വേളയിൽത്തന്നെ 272 ൽ പരം കൂറ്റൻ കപ്പലുകൾ വിഴിഞ്ഞത്തെത്തി. ഈ ഘട്ടത്തിൽ തന്നെ അഞ്ചര ലക്ഷത്തിലധികം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തതും തുറമുഖത്തിന്റെ അനന്തമായ സാധ്യതയാണ് കാട്ടിത്തരുന്നത്.
പൂർണമായും ഓട്ടോമേറ്റഡ് യാർഡ് ക്രെയിനുകളും റിമോട്ട് ഓപ്പറേറ്റഡ് ഷിപ്പ്ടുഷോർ ക്രെയിനുകളും വിഴിഞ്ഞത്തെ തുറമുഖ പ്രവർത്തനങ്ങൾക്ക് വേഗതയും സുരക്ഷയും നൽകുന്നു. ഐഐടി മദ്രാസുമായി സഹകരിച്ച് വികസിപ്പിച്ച, ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എ.ഐ അധിഷ്ഠിത വെസ്സൽ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം സുരക്ഷയും ഏകോപനവും ഉറപ്പാക്കുന്നു.
വിജിഎഫ് കരാർ ഒപ്പിട്ടതോടെ വിഴിഞ്ഞം പോർട്ടിന്റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയായി. തുറമുഖം രാഷ്ടത്തിന് സമർപ്പിക്കുന്നതോടെ ലോകസമുദ്രവ്യാപാര മേഖലയിൽ കേരളം എന്ന പേര് തങ്കലിപികളിൽ എഴുതപ്പെടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.