തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ബി.ജെ.പി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിനെ നാളെ ചോദ്യം ചെയ്യും.
ചോദ്യം ചെയ്യുന്നിനായി രാവിലെ 10 ന് തൃശൂര്‍ പോലീസ് ക്ലബില്‍ ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദേശിച്ചിട്ടുണ്ട്. പണവുമായെത്തിയ ധര്‍മ്മരാജന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് തൃശൂരില്‍ ഹോട്ടല്‍ മുറി എടുത്തുകൊടുത്തത് സതീഷാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴല്‍പ്പണവുമായി പുലര്‍ച്ചെയോടെ ആലപ്പുഴയ്ക്ക് പുറപ്പെട്ട സംഘത്തെ കൊടകരയില്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കുകയായിരുന്നു.
അതേസമയം കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശിനെ ദിവസങ്ങള്‍ക്ക് മുന്നെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായവര്‍ നല്‍കിയ മൊഴികളും മറ്റു തെളിവുകളും ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി.
കേസുമായി ബന്ധമില്ലെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് പാര്‍ട്ടിയെ ആശങ്കയിലാക്കുന്നുണ്ട്. കേസില്‍ 19 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്ക് ജയിലില്‍ കൊവിഡ് ബാധിച്ചതിനാല്‍ സുഖപ്പെട്ടശേഷം ഇവരുമായി തെളിവെടുപ്പ് നടത്തും.
അതില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്നാണ് കണക്കാക്കുന്നത്.തെരഞ്ഞെടുപ്പിന് വിനിയോഗിക്കാന്‍ ബി.ജെ.പി കര്‍ണാടകയില്‍നിന്ന് കൊണ്ടുവന്നതാണ് മൂന്നരക്കോടിയെന്ന് കോണ്‍ഗ്രസും സി.പി.എമ്മും ആരോപിച്ചിരുന്നു.
ഇതിന് അനുകൂലമായ തെളിവുകള്‍ ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടുപോകലില്‍ പങ്കാളികളായ ഓരോരുത്തര്‍ക്കും പത്ത് ലക്ഷം മുതല്‍ 25 ലക്ഷം വരെ ലഭിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.