മുന്‍മന്ത്രിയും ആര്‍.എസ്.പി. നേതാവുമായ ഷിബു ബേബിജോണിന്റെ കൊല്ലത്തെ കുടുംബവീട്ടില്‍ മോഷണം. 50 പവനോളം സ്വര്‍ണാഭരണങ്ങള്‍ അടക്കം നഷ്ടമായെന്നാണ് വിവരമെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിന്റെ വാതില്‍ തുറന്ന് കവര്‍ച്ച നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കൊല്ലം എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തുന്നത്.
ഞായറാഴ്ച രാവിലെയാണ് മോഷണവിവരം പുറത്തറിഞ്ഞത്. രാത്രികാലങ്ങളില്‍ ഈ വീട്ടില്‍ ആളുണ്ടാകാറില്ല. അമ്മ പകല്‍സമയങ്ങളില്‍ ഈ വീട്ടില്‍ എത്തുകയും രാത്രി ഷിബു ബേബിജോണിന്റെ വീട്ടിലേക്ക് മടങ്ങുകയുമാണ് പതിവ്. ഞായറാഴ്ച രാവിലെ ഇവര്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
മോഷ്ടാവ് വീടിന്റെ മുന്‍വാതില്‍ തകര്‍ത്തിരുന്നു. ഇതിനു ശേഷമുള്ള ചില്ലുവാതിലും തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. ശേഷം മുകളിലെ നിലയിലെത്തി സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. ബേബിജോണിന്റെ ഭാര്യയുടെ താലിമാല, വിവാഹത്തിന് സമ്മാനമായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് നഷ്ടമായത്.