തൃശൂര്‍: അര്‍പ്പണബോധമുള്ള അധ്യാപന മികവിനു യുകെയിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ പുരസ്‌കാരം മലയാളിയും തൃശൂര്‍ സ്വദേശിനിയുമായ ഡോ. മേരി ഷൈനിക്ക്.
കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചേഴ്‌സ് 2022 പുരസ്‌കാരമാണു ചാലക്കുടി സ്വദേശി ബൈജു മഞ്ഞളിയുടെ ഭാര്യയും വടക്കാഞ്ചേരി റിട്ട. സുബേദാര്‍ മേജര്‍ പൊന്‍പറമ്പില്‍ പോളിന്റെയും ആനീസിന്റെയും മകളുമായ മേരി ഷൈനി കരസ്ഥമാക്കിയത്. ഓരോ ഭൂഖണ്ഡത്തില്‍നിന്നും ഒരോരുത്തരെ വീതം ലോകത്ത് ആറുപേരെ മാത്രമാണ് ഈ പുരസ്‌കാരത്തിനു തെരഞ്ഞെടുക്കുക. യൂറോപ്പ് തലത്തിലുള്ള വിജയിയാണു മേരി ഷാൈനി. 113 രാജ്യങ്ങളില്‍നിന്നുള്ള 7000 പേരില്‍നിന്നാണു ഡോ. മേരി ഷൈനിയുടെ അഭിമാന നേട്ടം.
റോമിലെ ലിറ്റില്‍ ഫ്‌ളവര്‍ ഇംഗ്ലീഷ് സ്‌കൂളിലെ പ്രിന്‍സിപ്പലായ മേരി ഷൈനി കേംബ്രിഡ്ജ് എക്‌സാമിനറായും പ്രവര്‍ത്തിക്കുന്നു. ട്രോഫിയും 500 പൗണ്ടുമാണു പുരസ്‌കാരം.
കേംബ്രിഡ്ജിന്റെ പിഡിക്യൂ (പ്രഫഷണല്‍ ഡെവലപ്‌മെന്റ് ക്വാളിഫിക്കേഷന്‍) കോഴ്‌സ് സ്‌കോളര്‍ഷിപ്പോടെ പഠിക്കാനുള്ള അവസരവും ലഭിക്കും. മാത്രമല്ല കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ഒരു വര്‍ഷത്തെ എല്ലാ മാഗസിനുകളും മേരി ഷൈനി അടക്കമുള്ള പുരസ്‌കാര ജേതാക്കളുടെ കവര്‍ചിത്രത്തോടെയാണു പുറത്തിറങ്ങുക. മേരി ഷൈനി പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍വച്ചാണു പുരസ്‌കാര സമര്‍പ്പണമുണ്ടാവുക.
അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍സ് യൂറോപ്പിന്റെ 2021ലെ ബെസ്റ്റ് എജ്യുക്കേറ്റര്‍ അവാര്‍ഡ്, 2019ല്‍ എജ്യുക്കേഷനില്‍ ബെസ്റ്റ് അച്ചിവ്‌മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ക്ക് റോമില്‍ അര്‍ഹയായിട്ടുണ്ട്. നാല് മാസ്റ്റേഴ്‌സ് ഡിഗ്രിയും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഐഇഇഇ, ലോകാരോഗ്യ സംഘടന തുടങ്ങി ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ്‌സുകള്‍ ചെയ്തിട്ടുണ്ട്. പിഎച്ച്ഡിക്കുശേഷം കേംബ്രിഡ്ജ്, ലോകാരോഗ്യ സംഘടന തുടങ്ങി ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ്‌സുകള്‍ ചെയ്തിട്ടുണ്ട്. പഠനകാലത്ത് എംഎസ്സി കംപ്യൂട്ടര്‍ സയന്‍സിനു കോയന്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയുടെ പ്രൊഫിഷന്‍സി അവാര്‍ഡിനര്‍ഹയാണ്.
വടക്കാഞ്ചേരി ചാലിപ്പാടം ക്ലേലിയ ബാര്‍ബിയേരി ഹോളി ഏഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, തൃശൂര്‍ സെന്റ് ക്ലെയേഴ്‌സ് സ്‌കൂള്‍, കോയന്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി, കര്‍പാഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, പുതുക്കാട് പ്രജ്യോതി നികേതന്‍ എന്നിവിടങ്ങളിലാണു പഠിച്ചത്. ഹൈദരാബാദ് മല്ലാപുര്‍ സെന്റ് ആന്‍സ് വിമന്‍സ് പിജി കോളജില്‍ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്തിരുന്നു. കലാമണ്ഡലം ഉഷയുടെ കീഴില്‍ 13 വര്‍ഷം ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ അഭ്യസിച്ചിട്ടുമുണ്ട്.
പേസ്ട്രി ഷെഫായ ഭര്‍ത്താവ് ബൈജു മഞ്ഞളിക്കൊപ്പം 11 വര്‍ഷമായി ഇറ്റലിയിലാണു താമസം. മക്കള്‍: കെസിയ (മൂന്നാംക്ലാസ്), കെലിസ്റ്റ.