സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ തുറക്കാനിരിക്കെ മിക്ക സ്‌കൂളുകളിലും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. രണ്ട് വര്‍ഷത്തിന് ശേഷം നടക്കുന്ന പ്രവേശനോത്സവം ഗംഭീരമാക്കാനുളള ഒരുക്കത്തിലാണ് സ്‌കൂളുകള്‍.
മുരുകന്‍ കാട്ടാക്കട എഴുതി വിജയ് കരുണ്‍ സംഗീതം നല്‍കി സിത്താര കൃഷ്ണ കുമാര്‍ ആലപിച്ച ‘മഴ മഴ മഴ മഴ മാടി വിളിപ്പൂ മാനം കാണാന്‍ പോരുന്നോ’ എന്ന ഗാനം സ്‌കൂളുകളില്‍ കേള്‍പ്പിക്കും. സ്‌കൂള്‍ പ്രവേശനോത്സവത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
4, 29,000 കുട്ടികളാണ് പ്രവേശനോത്സവത്തിന്റെ ഭാഗമാകുക. സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഗവ എച്ച്‌എസ്‌എസില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അദ്ധ്യക്ഷനാകും.
നിലവില്‍ അവസാന ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങളാണ് മിക്ക സ്‌കൂളുകളിലും നടക്കുന്നത്.
സ്‌കൂളുകള്‍ തുറക്കാനിരിക്കെ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും സൗഹാര്‍ദ്ദപരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. നിരത്തുകളില്‍ ഉണ്ടാകുന്ന തിരക്കുകള്‍ അടക്കം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കും. സ്‌കൂള്‍ ബസിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.
വാഹനങ്ങളുടെ ഫിറ്റ്‌നെസ്, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഉറപ്പാക്കണം. സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികളെ റോഡ് മുറിച്ചു കടക്കുന്നതിന് പോലീസിന്റേയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടേയും സേവനം ഉറപ്പാക്കും.
സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മറ്റ് സ്വഭാവദൂഷ്യങ്ങള്‍ ഇല്ലെന്നും സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. സ്‌കൂള്‍ അധികൃതരുടെ സഹകരണത്തോടെ സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകളും നല്‍കും.
സ്‌കൂള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച് ആരോഗ്യ വകുപ്പും മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചുണ്ട്. രോഗലക്ഷണങ്ങളുള്ളവര്‍ ആരും തന്നെ സ്‌കൂളില്‍ പോകരുത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷിതാക്കളും ദിവസവും ശ്രദ്ധിക്കണം. വാക്സിനെടുക്കാന്‍ ശേഷിക്കുന്ന 12 വയസിന് മുകളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കണം. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു