കൊച്ചി: നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, അതിജീവിത ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം നിഷേധിച്ച് നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള ബാര്‍ കൗണ്‍സിലിനു മറുപടി നല്‍കി.അഡ്വകേറ്റ്‌സ് ആക്ടിലെ 35-ാം വകുപ്പിനു വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും വിശദീകരണത്തില്‍ രാമന്‍പിള്ള പറയുന്നു.
അഭിഭാഷകന്‍ നല്‍കിയ മറുപടി ബാര്‍ കൗണ്‍സില്‍ അതിജീവിതയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. കൂടുതലായി എന്തെങ്കിലും വിശദീകരിക്കാനുണ്ടെങ്കില്‍ തെളിവു സഹിതം നല്‍കണം എന്ന നിര്‍ദേശത്തോടെയാണ് അയച്ചിരിക്കുന്നത്.
ദിലീപിന്റെ അഭിഭാഷകന്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് അതിജീവിത നേരത്തെ ബാര്‍ കൗണ്‍സിലിനു പരാതി നല്‍കിയത്.
അഭിഭാഷകനെതിരെ നടപടി ആവശ്യപ്പെട്ടാണ് അതിജീവിത ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്. ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ബി രാമന്‍ പിള്ള, ഫിലിപ് ടി തോമസ്, സുജേഷ് മോഹന്‍ എന്നിവര്‍ക്കെതിരെയായിരുന്നു അതിജീവിതയുടെ പരാതി.