തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷയിൽ 99.69 ശതമാനം വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.01 ശതമാനം കുറവ്. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലായി 2970 കേന്ദ്രങ്ങളിലായി 4,27,153 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 4,25,563 പേർ ഉപരിപഠനത്തിന് അർഹത നേടി. 7183 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
വിജയ ശതമാനം ഏറ്റവും കൂടുതൽ കോട്ടയം ജില്ലയ്ക്ക് – 99.92. പാലാ വിദ്യാഭ്യാസ ജില്ലയ്ക്കു 100% വിജയം. വിജയ ശതമാനം ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിൽ – 99.08. വിജയം കുറഞ്ഞ വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ – 99%. മലപ്പുറം ജില്ലയിലാണ് കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ്– 4934. കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ സെന്ററും മലപ്പുറത്താണ് – പികെഎംഎം എച്ച്എസ്എസ് എടരിക്കോട് (2085 വിദ്യാർഥികൾ).
ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത് ഓരോ ആൾ വീതം പരീക്ഷ എഴുതിയ എറണാകുളം രണ്ടാർക്കര എച്ച്എംഎച്ച്എസ്എസ്, തിരുവല്ല കുറ്റൂർ ഗവ.എച്ച്എസ്എസ്, പത്തനംതിട്ട ഇടനാട് എൻഎസ്എസ് എച്ച്എസ്എസ്, കണ്ണൂർ തലശ്ശേരി ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷനൽ എച്ച്എസ്, മൂവാറ്റുപുഴ ശിവൻകുന്ന് ഗവ. എച്ച്എസ്എസ്. മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടിയ സ്കൂളുകൾ : സർക്കാർ – 892, എയ്ഡഡ് – 1139, അൺ എയ്ഡഡ് – 443.