ജിദ്ദ : അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം റിയാല്‍ (ഒരു കോടി 66 ലക്ഷം രൂപ) ഉടന്‍ നല്‍കണമെന്ന് വാദിഭാഗം അഭിഭാഷകന്‍. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് പുതിയ പ്രതിസന്ധി.
പ്രതിഫലം കൈമാറിയാലെ കോടതിയിലെ തുടര്‍നടപടികള്‍ ഊര്‍ജിതമാക്കാനാകു എന്നാണ് റിയാദിലെ നിയമസഹായ സമിതി പറയുന്നത്. ദയാധനമായ 15 മില്യന്‍ റിയാലിന്റെ 5 ശതമാനമാണ് പ്രതിഫലമായി ആവശ്യപ്പെടുന്നത്. ഒരുകോടി 66 ലക്ഷത്തിലേറെ രൂപ അഭിഭാഷകന് ഉടന്‍ കൈമാറേണ്ടി വരും. ഈ തുക ലഭിക്കാതെ മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചതാണ് മോചനം വൈകുമെന്ന ആശങ്കയ്ക്ക് ഇട വരുത്തുന്നത്.
ഇനി 34 കോടി രൂപയ്ക്ക് പുറമെ അഭിഭാഷകന്റെ പ്രതിഫലവും നാട്ടില്‍ നിന്ന് സൗദിയിലേക്ക് അയക്കണം എന്നാണ് ജിദ്ദയിലെ നിയമസഹായ സമിതിയുടെ ആവശ്യം. പ്രതിഫലം നല്‍കുന്നതില്‍ വീഴ്ച ഉണ്ടായാല്‍ മോചനം വൈകുമെന്ന് സമിതി ചൂണ്ടിക്കാട്ടി. അബ്ദുറഹീമിന് മാപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ ഗവര്‍ണറേറ്റിന്റെ സാന്നിധ്യത്തില്‍ വാദിഭാഗവും പ്രതിഭാഗവും ഒപ്പുവച്ച ശേഷമാണ് ദയാധനം കുടുംബത്തിന് കൈമാറുക. ഈ ഉടമ്പടി ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
മോചനദ്രവ്യം നല്‍കാന്‍ തയാറാണെന്ന് പ്രതിഭാഗവും, അത് സ്വീകരിച്ച് അബ്ദുല്‍ റഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് വാദിഭാഗവും കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ നടപടിക്രമങ്ങളെല്ലാം തുടങ്ങുന്നതിന് മുന്‍പ് എതിര്‍ഭാഗം അഭിഭാഷകന്റെ പ്രതിഫലം കൂടി കൊടുത്താലേ റഹീമിന്റെ മോചനം സാധ്യമാകൂ.