Thursday, November 21, 2024

HomeNewsKeralaജെസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി; അച്ഛൻ ഹാജരാക്കിയ തെളിവുകൾ അംഗീകരിച്ചു

ജെസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി; അച്ഛൻ ഹാജരാക്കിയ തെളിവുകൾ അംഗീകരിച്ചു

spot_img
spot_img

തിരുവനന്തപുരം: അഞ്ചുവർഷം മുൻപ് പത്തനംതിട്ട വെച്ചൂച്ചിറയിൽനിന്ന് കാണാതായ കോളേജ് വിദ്യാർത്ഥിനി ജെസ്ന മറിയ ജെയിംസിന്റെ തിരോധാന കേസിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് നൽകിയ ഹർജിലാണ് കോടതി വിധി.

ജെസ്നയ്ക്ക് എന്തു സംഭവിച്ചു എന്നു കണ്ടെത്താനായിട്ടില്ലെന്നായിരുന്നു കോടതിയിൽ സമർപിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കിയിരുന്നത്. ജെസ്ന ജീവിച്ചിരിക്കുന്നു എന്നതിനു തെളിവില്ലെന്നും സിബിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. മുദ്രവച്ച കവറിൽ ചില തെളിവുകളും ഹാജരാക്കി. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും ആറു മാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ജെസ്നയുടെ പിതാവ് ആവശ്യപ്പെട്ടത്.

പുതിയ തെളിവുകളുണ്ടെങ്കിൽ തുടരന്വേഷണത്തിന് തയാറാണെന്നായിരുന്നു സിബിഐ നിലപാട്. ജെസ്നയുടെ പിതാവ് ഹാജരാക്കിയ തെളിവുകൾ പരിശോധിച്ചശേഷമാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

ജെസ്ന വീട്ടിൽനിന്ന് പോകുന്നതിന് ദിവസങ്ങൾക്ക് മുൻപ് രക്തസ്രാവം ഉണ്ടായെന്നും ഇതിന്റെ കാരണങ്ങൾ സിബിഐ പരിശോധിച്ചില്ലെന്നും പിതാവ് ആരോപിച്ചിരുന്നു. വീട്ടിൽനിന്ന് പോകുന്നതിന് തലേദിവസവും രക്തസ്രാവം ഉണ്ടായി. രക്തം പുരണ്ട വസ്ത്രങ്ങൾ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് കൊണ്ടുപോയി. പിന്നീട് അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല.

ജെസ്ന രഹസ്യമായി പ്രാർത്ഥിക്കാൻപോകുന്ന സ്ഥലത്തെക്കുറിച്ച് സിബിഐ പരിശോധിച്ചില്ല. കാണാതാകുന്ന ദിവസം ജെസ്നയുടെ കയ്യിൽ 60,000 രൂപയുണ്ടായിരുന്നു. ഇത് വീട്ടുകാർ നൽകിയതല്ല. ജെസ്നയുടെ കൂട്ടുകാരെ വിശദമായി ചോദ്യം ചെയ്തില്ല. ജെസ്നയുടെ തിരോധാനത്തിൽ ഒരാളെ സംശയമുണ്ടെന്നും പിതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ എല്ലാം വിശദമായി പരിശോധിച്ചതാണെന്നായിരുന്നു സിബിഐ നിലപാട്.

2018 മാര്‍ച്ച് 22നാണ് ജെസ്നയെ കാണാതായത്. സ്വന്തം വീട്ടിൽനിന്ന് അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് ഓട്ടോയിൽപോയ ജെസ്നയെ കാണാതാകുകയായിരുന്നു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് സിബിഐ കേസ് ഏറ്റെടുത്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments