കൊല്ലം: പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായ ബംഗാളി സ്വദേശിനി ബോധിനി ഭഹന്റെ തിരികെ നാട്ടിൽ എത്താനുള്ള ആഗ്രഹം സഫലീകരിച്ച് ആംബുലൻസ് ഡ്രൈവറായ അരുൺ കുമാർ. പശ്ചിമ ബംഗാളിലെ ജന്മനാടായ റായ്ഗഞ്ചിലേക്ക് തിരികെ പോകാനുള്ള ബോധിനിയുടെ ആഗ്രഹമാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അരുൺ നിറവേറ്റിയത്. ബോധിനിയുടെ മകനായ സൗതീഷിനൊപ്പം ഏപ്രിൽ 22 ന് രാവിലെ 7 മണിയ്ക്ക് തുടങ്ങിയ യാത്ര തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്ന് ഏപ്രിൽ 24 ന് വൈകുന്നേരം 4.30 ഓടെ റായ്ഗഞ്ചിൽ എത്തി. റായ്ഗഞ്ചിലേക്കുള്ള 2870 കിലോമീറ്റർ ദൂരം രണ്ടര ദിവസം സമയമെടുത്താണ് അരുൺ പൂർത്തിയാക്കിയത്.
ഇടയ്ക്ക് ഇന്ധനം നിറയ്ക്കാനും ഭക്ഷണം കഴിക്കാനും മാത്രമാണ് വണ്ടി നിർത്തിയതെന്നും അതും അധികം നേരം ചെവഴിച്ചില്ലെന്നും അരുൺ പറഞ്ഞു. പശ്ചിമബംഗാളിൽ മുൻപ് പോയിട്ടുള്ളതുകൊണ്ട് ആ വഴി തനിയ്ക്ക് പരിചിതമായിരുന്നുവെന്നും റോഡുകൾ അത്യാവശ്യം നല്ല നിലയിൽ ആയിരുന്നതിനാൽ യാത്ര സുഗമമായിരുന്നുവെന്നും അരുൺ പറയുന്നു. ബോധിനിയെ സുരക്ഷിതമായി നാട്ടിൽ എത്തിക്കുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും അതിന് കഴിഞ്ഞുവെന്നും അരുൺ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.യാത്രാവേളയിൽ ബ്രെഡും ബിസ്കറ്റും മാത്രമാണ് അരുൺ കഴിച്ചത്.
ഇന്ധനം നിറയ്ക്കാൻ 15 മിനിട്ട് സമയം വീതമാണ് ഇടയിൽ ചെലവഴിച്ചത്. റായ്ഗഞ്ചിൽ എത്തിയ അരുണിന് പ്രദേശ വാസികളിൽ നിന്നും പ്രാദേശിക ആംബുലൻസ് ഡ്രൈവർമാരിൽ നിന്നും വലിയ സ്വീകരണവും ലഭിച്ചിരുന്നു. ആകെ 5800 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര പൂർത്തിയാക്കി ഏപ്രിൽ 26 നാണ് അരുൺ കേരളത്തിൽ മടങ്ങിയെത്തിയത്. അരുണിൻ്റെ ഈ സഹായത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് മകനായ സൗതീഷ് പറഞ്ഞു. ഒരു ദശാബ്ദത്തിലേറെയായി കരുനാഗപ്പള്ളിയിൽ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു സൗതീഷ്. 28 കാരനായ അരുൺ കഴിഞ്ഞ ഒന്നര വർഷമായി കരുനാഗപ്പള്ളി ആസ്ഥാനമായുള്ള ആംബുലൻസ് സർവീസ് ഏജൻസിയായ എമിറേറ്റ്‌സിൽ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുകയാണ്.