കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ സ്വദേശിനിയായ അഞ്ചുവയസുകാരിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. കുട്ടി വെന്റിലേറ്ററിലാണുള്ളത്. പുഴയില്‍ കുളിച്ചതിലൂടെയാണ് അമീബ കുട്ടിയുടെ ശരീരത്തിലെത്തിയതെന്നാണ് സംശയിക്കുന്നത്.
ഈ മാസം ഒന്നിനാണ് കുട്ടി കടലുണ്ടി പുഴയിൽ കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും വന്ന കുട്ടിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെയാണ് മൂന്ന് ദിവസം മുമ്പ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. വൈറസ് വകഭേദത്തെ കുറിച്ച് അറിയാനായി സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. സമാനമായ ലക്ഷണങ്ങളോടെ നാല് കുട്ടികളെ കൂടി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അഞ്ച്, ആറ്, 12 വയസ് പ്രായമുള്ള കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ, മൂക്കിനുള്ളിലേക്ക് വെള്ളം ആക്കുകയോ ഒക്കെ ചെയ്യുന്നതിലൂടെയാണ് ഈ അമീബ തലച്ചോറിലെത്തുന്നത്. രോഗകാരിയായ അമീബ ഉള്ള മലിനജലം മൂക്കിനുള്ളിലേക്ക് കടക്കുന്നതു വഴി മാത്രമാണ് രോഗബാധയുണ്ടാകുന്നത്. ഇത്തരം അമീബ ഉള്ള വെള്ളം കുടിക്കുന്നത് പ്രശ്നകരമല്ല എന്നു മാത്രമല്ല, ഇത് മനുഷ്യനിൽനിന്ന് മനുഷ്യരിലേക്ക് പകരുന്നവയുമല്ല. സാധാരണ ഇത്തരം അമീബകൾ ചൂടുള്ള കാലാവസ്ഥയിലാണ് കാണപ്പെടാറുള്ളത്.