കൊച്ചി: എക്സാലോജിക്കുമായി ബന്ധപ്പെട്ട ഇടപാടിൽ സിഎംആർഎല്ലിനെതിരെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയിൽ. ചട്ടങ്ങൾ പാലിച്ചല്ല സിഎംആർഎൽ പ്രവർത്തിച്ചിരുന്നത് എന്നത് 2019ലെ ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നു ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇ.ഡി വ്യക്തമാക്കി. അന്ന് 133.82 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിരുന്നു.
പാരിസ്ഥിതിക പ്രശ്നങ്ങൾ അടക്കം നേരിടേണ്ട സാഹചര്യത്തിൽ കമ്പനിയുടെ സുഗമമായ പ്രവർത്തനത്തിനു രാഷ്ട്രീയക്കാർ അടക്കമുള്ളവർക്കാണു പണം നൽകിയതെന്ന് കമ്പനി അധികൃതർ ആദായനികുതി വകുപ്പിനു മുന്നിൽ സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക്കിന് 1.72 കോടി നൽകിയതും വിവിധ അന്വേഷണങ്ങളിൽ വെളിപ്പെട്ടിരുന്നുവെന്നും ഇ.ഡി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
എക്സാലോജിക്ക്–സിഎംആർഎൽ അനധികൃത പണമിടപാടു സംബന്ധിച്ച കേസിൽ ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ, മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്ത, കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ഇ.ഡി സത്യവാങ്മൂലം നൽകിയത്. എതിർസത്യവാങ്മൂലം നൽകാൻ ഹർജിക്കാർ സമയം തേടിയതിനെ തുടർന്ന് ജസ്റ്റിസ് ടി.ആർ.രവി ഹർജി ജൂൺ ഏഴിന് പരിഗണിക്കാൻ മാറ്റി. ഇസിഐആർ റജിസ്റ്റർ ചെയ്യുന്നത് മൂലം ഒരു വ്യക്തിയും കുറ്റക്കാരനാകുന്നില്ലെന്നും ഭാവിയിൽ വിചാരണയ്ക്ക് സാധ്യത ഉണ്ടാകാം എന്നു മാത്രമെന്നും സത്യവാങ്മൂലത്തിലുണ്ട്.