Saturday, September 7, 2024

HomeNewsKeralaയുഎഇയിൽ തട്ടിപ്പ് സംഘം; മലയാളി വനിതയ്ക്ക് 16.95 ലക്ഷം രൂപ നഷ്ടമായി

യുഎഇയിൽ തട്ടിപ്പ് സംഘം; മലയാളി വനിതയ്ക്ക് 16.95 ലക്ഷം രൂപ നഷ്ടമായി

spot_img
spot_img

അബുദാബി: ഉദ്യോഗാർഥികളെ വലവീശി ഓൺലൈൻ തട്ടിപ്പു സംഘം. മലയാളി വനിതയ്ക്ക് 2 മണിക്കൂറിനകം നഷ്ടമായത് 16.95 ലക്ഷം രൂപ (75,000 ദിർഹം). ഇതുപോലെ ദിവസേന ആയിരക്കണക്കിന് ആളുകളിൽനിന്ന് മണിക്കൂറുകൾക്കകം തട്ടിയെടുക്കുന്നത് കോടികൾ.

മെച്ചപ്പെട്ട ജോലിക്കായി ഓൺലൈനിൽ അന്വേഷിച്ചുകൊണ്ടിരുന്ന അങ്കമാലി സ്വദേശിനിക്ക് എസ്എംഎസിലൂടെ ജോലി വാഗ്ദാനം ലഭിക്കുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. യുഎഇയിലെ മീഡിയ മാർക്കറ്റിങ് കമ്പനിയുടെ പേരിൽ പാർട്ട് ടൈം ജോലിക്കാരെ തേടുകയാണെന്നും ഒഴിവുസമയത്തോ വാരാന്ത്യങ്ങളിലോ ജോലി ചെയ്യാമെന്നായിരുന്നു വാഗ്ദാനം.

തട്ടിപ്പുകാര്‍ അയച്ച യുട്യൂബ് സ്റ്റോറി കണ്ട് സബ്സ്ക്രൈബ് ചെയ്യുകയായിരുന്നു ആദ്യജോലി. അതുചെയ്തു കഴിഞ്ഞാൽ 50 ദിർഹം ലഭിക്കും. ഇതിന് 3 മുതൽ 5 മിനിറ്റ് മതി. ഇങ്ങനെ സബ്സ്ക്രൈബ് ചെയ്യുന്ന യുട്യൂബ് ചാനലുകളുടെ എണ്ണത്തിന് അനുസരിച്ച് ദിവസേന 780 മുതൽ 2000 ദിർഹം വരെ സമ്പാദിക്കാം എന്നും പറഞ്ഞു. അതുവരെ വാട്സാപ്പിൽ ചാറ്റ് ചെയ്തവർ പിന്നീട് ടെലിഗ്രാമിലേക്കു മാറി. ടെലിഗ്രാമിൽ ഗ്രൂപ്പിൽ ദിവസേന 28 ടാസ്ക് ഇടും. അതിൽ ഒരു ടാസ്ക് പൂർത്തിയാക്കിയാൽ 10 ദിർഹം വീതം ലഭിക്കും.

മുഴുവനും പൂർത്തിയാക്കുന്നവർക്ക് 280 ദിർഹത്തിനു പുറമെ 500 ദിർഹം അധിക പ്രതിഫലമായി മൊത്തം 780 ദിർഹം ലഭിക്കും. ഓരോ ഇടപാട് കഴിയുമ്പോഴും സ്ക്രീൻഷോട്ട് എടുത്ത് അയയ്ക്കണം. 2 ദിവസത്തെ ജോലി തൃപ്തികരമല്ലെങ്കിൽ പറഞ്ഞുവിടുമെന്നും പറയും. ഓരോ ടാസ്കും 2 മുതൽ 10 മിനിറ്റിനകം തീർക്കാവുന്നതാണ്. പറഞ്ഞ സമയത്ത് തീർത്തില്ലെങ്കിൽ പ്രതിഫലം ലഭിക്കില്ലെന്നും സൂചനയുണ്ട്. വാഗ്ദാനപ്രകാരം യുവതിക്ക് 8 വീഡിയോയ്ക്ക് 80 ദിർഹം ലഭിച്ചു. അടുത്തത് ബിസിനസ് ടാസ്ക് ആണെന്നും 100 ദി‍ർഹം നിശ്ചിത അക്കൗണ്ടിലേക്കു അയച്ചാൽ ലാഭവിഹിതം ചേർത്ത് 185 ദിർഹം തിരിച്ചു ലഭിക്കുമെന്നായിരുന്നു വാദ്ഗാനം.

പറഞ്ഞതുപോലെ 100 ദിർഹം അയച്ചു. 15 മിനിറ്റിനകം 185 ദിർഹം അക്കൗണ്ടിലെത്തി. അടുത്ത ടാസ്ക് 3000 ദിർഹത്തിന്റേതായിരുന്നു. ആ തുകയും അയച്ചു. ഉടൻ പ്രതിഫലവും ലാഭവിഹിതവും ചേർത്ത് 6000 ദിർഹം അക്കൗണ്ടിലെത്തി. പിന്നെ വന്നത് 30,000 ദിർഹത്തിന്റെ ടാസ്ക്. അതു നൽകിയാൽ കിട്ടാൻ പോകുന്നത് 60,000 ദിർഹത്തിലേറെ. ആ തുകയും അയച്ചുകൊടുത്തു. എന്നാൽ പ്രതിഫലം വരാതായതോടെ അന്വേഷിച്ചു. വാട്സാപ് ചാറ്റ് മാത്രമായിരുന്നു ആശ്രയം. ഈ ടാസ്കിന്റെ കമ്മിഷൻ ലഭിക്കണമെങ്കിൽ 45000 ദിർഹം കൂടി അയയ്ക്കണമെന്നായി.

അതിനിടെ ഷെയർമാർക്കറ്റ് ഗ്രൂപ്പ് പോലുള്ള ഒരു സൈറ്റിൽ അക്കൗണ്ട് തുറക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ഇവരുടെ ഇടപാട് വിവരങ്ങൾ അതിൽ തെളിഞ്ഞു. അതു നോക്കിയാൽ ബിസിനസ് ഗ്രോത്ത് മനസിലാക്കാമെന്ന് പറഞ്ഞതോടെ 45000 ദിർഹം സംഘടിപ്പിച്ച് അയച്ചുകൊടുത്തു. നേരത്തെ നഷ്ടപ്പെട്ട 30,000 ദിർഹം ഉൾപ്പെടെ 75,000 ദിർഹമും അതിന്റെ കമ്മിഷനും ഗ്രൂപ്പ് ലാഭവുമെല്ലാം ചേർത്ത് ഒരു ലക്ഷത്തിലേറെ ദിർഹം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. ഇതിനകം വർഷങ്ങളുടെ സമ്പാദ്യമെല്ലാം തീർന്നിരുന്നു. എന്നാൽ വീണ്ടും 54,000 ദിർഹം അയച്ചാലേ ടാസ്ക് പൂർണമാകൂ എന്ന് കേട്ടപ്പോഴാണ് വഞ്ചിക്കപ്പെട്ടെന്ന് യുവതിക്ക് മനസ്സിലായത്. 2 മണിക്കൂറിനിടെ യുവതിക്കു നഷ്ടപ്പെട്ടത് 16.95 ലക്ഷം രൂപയും (75,000 ദിർഹം).

2 ദിവസം കൂടി കാത്തിരുന്നിട്ടും അക്കൗണ്ടിൽ പണം വന്നില്ല. മാനസിക സമ്മർദത്തിലായതോടെ വിവരം വീട്ടുകാരോട് പറഞ്ഞു. പിന്നാലെ ക്രിമിനൽ കേസ് ഫയൽ ചെയ്തു. സൈബർ ക്രൈമിലും പരാതി നൽകി. ടാസ്കിനിടെ നടത്തിയ വാട്സാപ്, ഇൻസ്റ്റഗ്രാം ചാറ്റ് ആശയവിനിമയവും പണം അയച്ച അക്കൗണ്ട് നമ്പറും മാത്രമാണ് തെളിവായി ഇവരുടെ പക്കലുള്ളത്. ഈ ബാങ്കുകളെല്ലാം യുഎഇയിൽ പ്രവർത്തിക്കുന്നതിനാൽ അതുവഴി തട്ടിപ്പുകാരെ കണ്ടെത്തി പണം വീണ്ടെടുക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments