തിരുവനന്തപുരം: കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താനായി പൊലീസ് നടത്തിയ സംസ്ഥാന വ്യാപക പരിശോധനയില്‍ 28 പേര്‍ അറസ്റ്റിലായി. പിടിക്കപ്പെട്ടവരില്‍ പലരും ഉന്നതരാണ്.
ഓപ്പറേഷന്‍ പിഹണ്ട് 21.1 എന്ന് നാമകരണം ചെയ്ത റെയ്ഡില്‍ 370 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള 310 അംഗസംഘം ഞായറാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചതെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ എഡിജിപി മനോജ് എബ്രഹാം അറിയിച്ചു.
സംസ്ഥാനത്ത് 477 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍, മോഡം, ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡ്, ലാപ്‌ടോപ്, കംപ്യൂട്ടര്‍ എന്നിവ ഉള്‍പ്പെടെ 429 ഉപകരണങ്ങള്‍ റെയ്ഡില്‍ പിടിച്ചെടുത്തു.
കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും ഉള്ള ഉപകരണങ്ങളാണിവ. ഇവയില്‍ പലതിലും അഞ്ച് വയസ്സിനും 16 വയസ്സിനും ഇടയിലുള്ള തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്.
അറസ്റ്റിലായവരില്‍ പലരും ഐടി മേഖലയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ജോലി നോക്കുന്ന ചെറുപ്പക്കാരാണ്. അതുകൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അവര്‍ ദൃശ്യങ്ങള്‍ അയച്ചിരുന്നതും സ്വീകരിച്ചിരുന്നതും.
ഉപകരണങ്ങളില്‍നിന്നു ലഭിച്ച ചാറ്റുകള്‍ പരിശോധിച്ചതില്‍നിന്നു പലരും കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പങ്കുവയ്ക്കാനുള്ള നിരവധി ടെലിഗ്രാം, വാട്‌സാപ്പ് ഗ്രൂപ്പുകളും റെയ്ഡില്‍ കണ്ടെത്താനായി.
നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.