തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി കെ സുധാകരനെ നിശ്ചയിച്ചതിനു പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി സംസ്ഥാന കോണ്‍ഗ്രസ്. മുഴുവന്‍ ഡി.സി.സികളും ബ്ലോക്ക്, മണ്ഡലം, കോണ്‍ഗ്രസ് കമ്മിറ്റികളും അഴിച്ചു പണിയും. ബൂത്ത് തല കമ്മിറ്റികള്‍ക്കു പകരം പ്രവര്‍ത്തനം വാര്‍ഡ് തല കമ്മിറ്റികളിലേക്ക് മാറും.
ഇടക്കാലത്ത് മണ്ഡലം കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും വിഭജിച്ച് രണ്ടു കമ്മിറ്റികളാക്കിയെങ്കിലും അതു കൊണ്ട് കാര്യമായ പ്രയോജനമുണ്ടായില്ലെന്ന വിലയിരുത്തലുണ്ട്. ബ്ലോക്ക് കമ്മിറ്റികള്‍ക്കു പകരം നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിക്കുന്നതും സജീവ പരിഗണനയിലാണ്.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ ചുരുക്കം ചിലതൊഴിച്ച് മറ്റെല്ലാം നിര്‍ജീവമായിരുന്നു എന്ന വിലിയിരുത്തലാണ് പൊതുവെയുള്ളത്. 14 ഡി.സി.സി പ്രസിഡന്റുമാരില്‍ തൃശൂര്‍, പാലക്കാട്, ഡി.സി.സി പ്രസിഡന്റുമാര്‍ എം.പിമാരാണ്. എറണാകുളം ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് എം.എല്‍.എയുമാണ്. എന്നാല്‍ എറണാകുളം ഡി.സി.സി പ്രസിഡന്റിന്റെ കാര്യത്തില്‍ കാര്യമായ പരാതികളില്ല.
എങ്കിലും പുതിയ പ്രസിഡന്റിനു കീഴില്‍ എല്ലാറ്റിനും പുതുമ വേണമെന്ന അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നു വരുന്നത്. നേതാക്കളെ തെരഞ്ഞെടുക്കുന്നത് യോഗ്യത കണക്കിലെടുത്തായിരിക്കണം എന്നതാണ് സുധാകരന്റെ ലൈന്‍. കഴിഞ്ഞ മൂന്ന് വര്‍ക്കാലത്തെ നിര്‍ജീവമായ ഡി.സി.സി പ്രവര്‍ത്തനമാണ് തദ്ദേഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് ശക്തമായ തിരിച്ചടിയുണ്ടാക്കിയതെന്ന വിലയിരുത്തല്‍ പൊതുവേയുണ്ട്.
ഡി.സി.സി പ്രസിഡന്റുമാരില്‍ ബഹു ഭൂരിപക്ഷവും തങ്ങള്‍ക്ക് മത്സരിക്കാന്‍ പറ്റിയ മണ്ഡലങ്ങള്‍ കണ്ടുവച്ച് അവിടെ ചുറ്റിപറ്റി മാത്രം പ്രവര്‍ത്തനം ഒതുക്കിയെന്ന വിലയിരുത്തലുമുണ്ട്. ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ശേഷിയുള്ള പുതുമുഖങ്ങളും പരിചയ സമ്പന്നരുമടങ്ങിയ ഊര്‍ജ്ജസ്വല നേതൃത്വത്തെ കൊണ്ടുവരാനാണ് സുധാകരന്റെ നീക്കം.
ഗ്രൂപ്പു നേതാക്കളെ കുത്തി നിറച്ചുള്ള ജംബോ കമ്മിറ്റികള്‍ക്ക് സുധാകരന്‍ പൂര്‍ണമായി എതിരാണ്. പക്ഷേ ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ഇത് പ്രാവര്‍ത്തികമാക്കുക എന്നതു തന്നെയാണ് സുധാകരനു മുന്നിലുള്ള വെല്ലുവിളിയും. രണ്ടു വര്‍ഷത്തിലധികം സമയം കഴിഞ്ഞപ്പോഴാണ് ഗ്രൂപ്പ് മാനേജര്‍മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചുള്ള ഭാരവാഹികളെ നിയമിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കഴിഞ്ഞത്.
അതേ നില തുടരാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് അനുവദിക്കുമെന്ന് കരുതാന്‍ വഴിയില്ല. അങ്ങനെയെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഒരു പുതിയ അധ്യായത്തിനു തുടക്കമിടാന്‍ സുധാകരനു കഴിഞ്ഞേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.