തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഒരു സമയം 15 പേരെ മാത്രമേ ദര്‍ശനത്തിനായി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ പാടുള്ളു.
അവര്‍ ദര്‍ശനം പൂര്‍ത്തിയാക്കി ഇറങ്ങിയതിന് ശേഷം മാത്രമേ മറ്റുള്ളവരെ പ്രവേശിക്കാവുയെന്നും നിര്‍ദേശത്തില്‍ പറയുന്നു. ദര്‍ശനത്തിന് എത്തുന്നവര്‍ മാസ്‌ക്ക് ധരിച്ചിട്ടുണ്ടോയെന്നും സാമൂഹിക അകലം പാലിക്കുന്നതും ഉറപ്പാക്കണം. ശ്രീ കോവിലില്‍ നിന്ന് നേരിട്ട് പ്രസാദ വിതരണം നടത്തുവാന്‍ പാടില്ല.
വഴിപാട് പ്രസാദങ്ങള്‍ നാലമ്പലത്തിന് പുറത്ത് ഒരു ഭാഗത്ത് ഭക്തരുടെ പേര് എഴുതി സൂക്ഷിക്കും. അത് അവിടെ നിന്ന് അവര്‍ക്ക് കൈപ്പറ്റാന്‍ ആവശ്യമായ ക്രമീകരണം ഒരുക്കണം.പൂജ സമയങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് മുമ്പ് എങ്ങനെയായിരുന്നോ അതുപോലെ തന്നെ ക്രമീകരിക്കണം.
സാമൂഹിക അകലം പാലിച്ച് ഒരേ സമയം 15 പേരെ പങ്കെടുപ്പിച്ച് ബലിതര്‍പ്പണ ചടങ്ങ് നടത്താം. അന്നാദാനം, സപ്താഹം, നവാഹം തുടങ്ങിയവ അനുവദിക്കില്ല.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ല്‍ താഴെയുള്ള പ്രദേശങ്ങളിലെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.