കാഞ്ഞിരപ്പള്ളി:അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിനി ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കുടുംബം.
വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. ഇതോടെ കോളജില്‍ വിദ്യാര്‍ഥികള്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചു. തിങ്കളാഴ്ച കോളജ് തുറക്കും. മന്ത്രിമാരായ ആര്‍.ബിന്ദുവും വി.എന്‍.വാസവനും ചീഫ് വിപ് എന്‍. ജയരാജും കോളജിലെത്തി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.ആദ്യം വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.
വിദ്യാര്‍ഥികളുടെ പരാതി പരിഹാര സെല്‍ പരിഷ്‌കരിക്കും. വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടതു പ്രകാരം ഹോസ്റ്റല്‍ വാര്‍ഡനെ മാറ്റും. താത്ക്കാലികമായി ചുമതല മറ്റൊരാള്‍ക്ക് നല്‍കും. സമരത്തില്‍ പങ്കെടുത്തതിന് വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്കനടപടികള്‍ ഉണ്ടാകില്ല. പൊലീസ് നടപടികളില്‍ വിദ്യാര്‍ഥികളും മാനേജ്മെന്റും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും കൂടുതല്‍ ഉന്നതതല ഉദ്യോഗസ്ഥര്‍ കോളജിലെത്തി അന്വേഷണം നടത്തുമെന്നും മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.
അന്വേഷണം തൃപ്തികരമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ശ്രദ്ധയുടെ കുടുംബം പ്രതികരിച്ചു. പൊലീസിന്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ചയാണ്. ആരോപണവിധേയരായ ജീവനക്കാരെ പുറത്താക്കണമെന്നും ശ്രദ്ധയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥിനി ജീവനൊടുക്കാനുള്ള കാരണങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് നിര്‍ദേശിച്ചു.
ഇതിനിടെ, തല്‍പരകക്ഷികള്‍ വ്യക്തമായ അജന്‍ഡയോടെ കോളജില്‍ ക്യാംപസില്‍ കയറിയിറങ്ങി ബഹളമുണ്ടാക്കി അമല്‍ജ്യോതി കോളജിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കാന്‍ ശ്രമിക്കുന്നതായി കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു. ക്ലാസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതു നിയമവിരുദ്ധമാണെന്നും അതു പിടിച്ചെടുത്ത് വീട്ടുകാരെ അറിയിക്കുക കോളജിലെ അച്ചടക്കത്തിന്റെ ഭാഗമാണെന്നും കോളജ് മാനേജര്‍ ഫാ.മാത്യു പായിക്കാട്ട് പറഞ്ഞു.