കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ 54 പി.ജി. സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ സെക്‌ഷനില്‍നിന്ന് കാണാതായി.
പരീക്ഷാഭവനിലെ പി.ഡി.-അഞ്ച് സെക്‌ഷനില്‍നിന്നാണ് കാണാതായത്. ബാര്‍കോഡും ഹോളോഗ്രാമും പതിച്ചവയാണിവ. ഈ ഫോര്‍മാറ്റുകളില്‍ വിദ്യാര്‍ഥിയുടെ വിവരങ്ങളും രജിസ്റ്റര്‍ നമ്ബറും ചേര്‍ത്ത് വൈസ് ചാൻസലുടെ ഒപ്പും പതിച്ചാല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയ്യാറാകും. ഫോര്‍മാറ്റുകള്‍ ഉപയോഗിച്ച് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കാനാകും.
അങ്ങേയറ്റം രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായത് ദുരൂഹമാണ്. റിപ്പോര്‍ട്ട് നല്‍കാൻ വൈസ് ചാൻസലര്‍ പരീക്ഷാകണ്‍ട്രോളറെ ചുമതലപ്പെടുത്തി. സെക്‌ഷൻ ഓഫീസര്‍ക്കാണ് ഈ ഫോര്‍മാറ്റുകള്‍ സൂക്ഷിക്കാനുള്ള ചുമതല.
അഞ്ഞൂറെണ്ണമുള്ള ഒരു കെട്ട് ആയാണ് ഇവ സൂക്ഷിക്കുന്നത്. ഒരാഴ്ചമുമ്ബ് സെക്‌ഷനിലെ രജിസ്റ്റര്‍ കാണാതായിരുന്നു. ഇത് കണ്ടെത്താനുള്ള ശ്രമത്തിനിടെ മേശയ്ക്കുള്ളില്‍നിന്ന് ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ രണ്ടു ഫോര്‍മാറ്റ് കണ്ടെത്തി. അതോടെയാണ് കൂടുതല്‍ അന്വേഷണം തുടങ്ങിയത്.
ഫോര്‍മാറ്റിന്റെ കെട്ട് പരിശോധിച്ചു. അതോടെ 54 എണ്ണം ഇല്ലെന്ന് ബോധ്യമായി. സര്‍വകലാശാലയില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്ന എട്ടു വിഭാഗങ്ങളുണ്ട്.