Sunday, September 8, 2024

HomeNewsKeralaവ്യാജ രേഖ കേസില്‍ വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു: ഒളിവില്‍ കഴിഞ്ഞത് സുഹൃത്തിന്റെ സഹായത്തോടെ

വ്യാജ രേഖ കേസില്‍ വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു: ഒളിവില്‍ കഴിഞ്ഞത് സുഹൃത്തിന്റെ സഹായത്തോടെ

spot_img
spot_img

പാലക്കാട്: അട്ടപ്പാടി സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടാൻ മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ കേസില്‍ കെ.വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മണ്ണാര്‍ക്കാട് കോടതിയാണ് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

ഒളിവില്‍ കഴിയുകയായിരുന്ന വിദ്യയെ ബുധനാഴ്ച രാത്രിയാണ് കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്

മഹാരാജാസില്‍ ഒപ്പം പഠിച്ചിരുന്ന സുഹൃത്താണ് വിദ്യയെ സഹായിച്ചതെന്നാണ് വിവരം. മൂന്നോ നാലോ വീടുകളില്‍ മാറിമാറിയാണ് വിദ്യ കഴിഞ്ഞിരുന്നതെന്നും വിവരമുണ്ട്.

കോഴിക്കോട് ചെറുവണ്ണൂര്‍ പഞ്ചായത്തിലെ സി പി എമ്മിന്റെ ശക്തികേന്ദ്രമായ വാര്‍ഡുകളിലെ വീടുകളിലാണ് വിദ്യ ഒളിവില്‍ കഴിഞ്ഞതെന്നാണ് സൂചന. ആദ്യം വടകരയിലായിരുന്ന വിദ്യ ഇവിടെ മൂന്ന് സ്ഥലങ്ങളില്‍ താമസിച്ചതിന് ശേഷമാണ് കോഴിക്കോടേക്ക് എത്തിയതെന്നാണ് വിവരം. ഇവിടെ പാര്‍ട്ടിയുടെ സഹായത്തോടെയാണ് വിദ്യ കഴിഞ്ഞതെന്നും ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ വിദ്യയെ ഒളിപ്പിച്ചതില്‍ തങ്ങള്‍ക്കൊരു പങ്കുമില്ലെന്നാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വം പറയുന്നത്.

അതിനിടെ ചോദ്യം ചെയ്യലിനിടെ വിദ്യയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യം മൂലം തന്നെ കരുവാക്കുകയാണെന്നാണും തനിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ അട്ടപ്പാടി കോളേജിലെ പ്രിൻസിപ്പലാണെന്നുമാണ് വിദ്യ ആദ്യം മൊഴി നല്‍കിയത്. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും മഹാരാജാസില്‍ കൂടെ പഠിച്ചവരും കോണ്‍ഗ്രസിന്റെ അധ്യാപക സംഘടനാ നേതാക്കളും ചേര്‍ന്ന് തന്നെ കുരുക്കുകയാണെന്നും വിദ്യയുടെ മൊഴിയിലുണ്ട്.

അതേസമയം താൻ തന്നെയാണ് അട്ടപ്പാടി കോളേജില്‍ നല്‍കിയ ബയോഡേറ്റ തയ്യാറാക്കിയതെന്നും വിദ്യ സമ്മതിച്ചിട്ടുണ്ട്. ഈ ബയോഡാറ്റയില്‍ മഹാരാജാസ് കോളേജിലെ പ്രവൃത്തിപരിചയം അവകാശപ്പെടന്നുണ്ട്. ഈ പൊരുത്തക്കേടുകളാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.

കോഴിക്കോട് മേപ്പയ്യൂരിലെ ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ആവള- കുട്ടോത്ത് വെച്ച്‌ ബുധനാഴ്ച രാത്രിയായിരുന്നു വിദ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് പതിനാറാം ദിവസമാണ് വിദ്യ കസ്റ്റഡിയിലാകുന്നത്. ബുധാനാഴ്ച രാത്രിയോടെ തന്നെ വിദ്യയെ അഗളി സ്റ്റേഷനില്‍ എത്തിച്ചിരുന്നു.

അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍ മലയാളം വകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ അഭിമുഖത്തിനായി എത്തിയപ്പോഴായിരുന്നു വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments