Sunday, September 8, 2024

HomeNewsKeralaലഹരി ഉപഭോഗത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണം: മുഖ്യമന്ത്രി

ലഹരി ഉപഭോഗത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണം: മുഖ്യമന്ത്രി

spot_img
spot_img

തിരുവനന്തപുരം: വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തെ വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ലഹരി മരുന്നുകളുടെ ഉപഭോഗം വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളേയും തലമുറകളെയും സമൂഹത്തെയാകെത്തന്നെയും മാരകമായി ബാധിക്കുന്നു. അതിനെതിരെ നാടൊന്നാകെ അണിചേരുന്ന പ്രതിരോധമാണ് തീര്‍ക്കേണ്ടതെന്ന് മുഖ്യമന്ത്രി ലഹരി വിരുദ്ധ ദിനത്തില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത ലഹരികടത്തിനും എതിരെ ബോധവല്‍ക്കരണം നല്‍കുന്നതിനു ലോകമാകെ ഈ ദിനം വളരെ പ്രാധാന്യത്തോടെ ആചരിക്കുകയാണ്. മയക്കു മരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തെ വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.

അതിനെതിരെ നാടൊന്നാകെ അണിചേരുന്ന പ്രതിരോധമാണ് തീര്‍ക്കേണ്ടത്. ലഹരി മരുന്നുകളുടെ ലക്കുകെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളേയും തലമുറകളെയും സമൂഹത്തെയാകെത്തന്നെയും മാരകമായി ബാധിക്കുന്നു. അതിനെ പിൻപറ്റി നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കുകയും യുവജനങ്ങളെ തെറ്റായ മാര്‍ഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. മുൻകാലങ്ങളില്‍ അമിത മദ്യപാനവും കഞ്ചാവ് പോലുള്ള ലഹരി പദാര്‍ത്ഥങ്ങളുമാണ് ഭീഷണി ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇന്ന് കൂടുതല്‍ മാരകമായ മയക്കു മരുന്നുകള്‍ വ്യാപകമാകുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു.

മാരക വിഷവസ്തുക്കളായ രാസവസ്തുക്കളുടെ സങ്കലനങ്ങള്‍ പോലും ലഹരിക്കായി വിതരണം ചെയ്യപ്പെടുന്നു. അങ്ങേയറ്റം അപകടകരവും മനുഷ്വത്വരഹിതവുമായ പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഭാഗമായി അരങ്ങേറുന്നു. നിയമങ്ങള്‍ കൊണ്ടും പോലീസിന്റേയും എക്സൈസിന്റേയും പ്രതിരോധ നടപടികള്‍കൊണ്ടും മയക്കു മരുന്ന് വിപത്തിനെ ചെറുക്കാൻ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ ഇടപെടല്‍ നടക്കുന്നുണ്ട്. എന്നാല്‍ അത്തരം നടപടികള്‍ കൊണ്ട് മാത്രം ലക്ഷ്യം നേടാനാവില്ല.

നാടിന്റെ ഭാവി വരും തലമുറയുടെ കൈകളിലാണ്. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും സര്‍ഗാത്‌മകശേഷികളും അപകടത്തിലാക്കാൻ അനുവദിച്ചു കൂടാ. മയക്കുമരുന്ന് വിപത്തിനെതിരെ സുശക്തവും പഴുതുകള്‍ ഇല്ലാത്തതുമായ പ്രതിരോധ ദുര്‍ഗം നമുക്ക് തീര്‍ക്കേണ്ടതുണ്ട്. ഓരോ വ്യക്തിയും ഓരോ കുടുംബവും അതില്‍ പങ്കു ചേരണം. ഈ ദിനത്തിന്റെ പ്രാധാന്യം ഏറ്റെടുത്ത് മയക്കുമരുന്നുകളുടേയും ലഹരി പദാര്‍ത്ഥങ്ങളുടേയും ഉപഭോഗത്തില്‍ നിന്നും നാടിന്റെ വിമുക്തിക്കായി പ്രവര്‍ത്തിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments