വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ രണ്ടാം പ്രതിയും എസ്‌എഫ്‌ഐ കായംകുളം മുൻ ഏരിയാ പ്രസിഡന്റുമായ അബിന്‍ സി രാജിനെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.
മാലിദ്വീപില്‍ നിന്ന് നാട്ടിലെത്തിയ അബിനെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
രണ്ട് ലക്ഷം രൂപയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കിയത് അബിനാണെന്നാണ് വ്യാജസര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയും എസ്‌എഫ്‌ഐ മുൻ ഏരിയ സെക്രട്ടറിയുമായ നിഖില്‍ തോമസിന്റെ മൊഴി. എന്നാല്‍, തനിക്കിതുമായി യാതൊരു പങ്കുമില്ലെന്നും തന്റെ പേര് മനഃപൂര്‍വം ഇതിലേക്ക് വലിച്ചിഴച്ചതാണെന്നും അബിന്‍ പോലീസിനോട് പറഞ്ഞു.വിഷയം ചര്‍ച്ച ചെയ്യാൻ ഇന്ന് അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരും
വിവിധ പരാതികളെ തുടര്‍ന്ന് പാര്‍ട്ടി ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഒന്നര വര്‍ഷം മുന്‍പാണ് അബിൻ മാലിദ്വീപിലേക്ക് പോയത്. അവിടെ അധ്യാപകനായി ജോലി ചെയ്യുകയാണ്. മാലിദ്വീപില്‍ നിന്ന് ഉടന്‍ നാട്ടിലെത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് ഇയാളെ അറിയിച്ചിരുന്നു. കസ്റ്റഡിയിലുള്ള നിഖിലിനെയും അബിനെയും ഒരുമിച്ച് ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
നിഖില്‍ തോമസുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. നിഖിലിന്റെ വീട്ടില്‍ നിന്ന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ ഇയാള്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ എറണാകുളത്തെ ഏജൻസിയിലും എംഎസ്‌എം കോളേജിലും പൊലീസ് തെളിവെടുപ്പ് നടത്തും. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ ഏജന്‍സി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.