തൃശൂര്‍: വിദ്യാഭ്യാസ വിചക്ഷണനും സംസ്ഥാന വിദ്യാഭ്യാസ മുന്‍ ജോയിന്റ് ഡയറക്ടറും സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ ആസൂത്രകനുമായ പി.ചിത്രന്‍ നമ്പൂതിരിപ്പാട് (104) അന്തരിച്ചു. ചെമ്പുക്കാവ് മ്യൂസിയം റോഡ് മുക്തിയിലായിരുന്നു താമസം.
100 വയസ്സുവരെ തുടര്‍ച്ചയായി 30 വര്‍ഷം ഹിമാലയയാത്രകള്‍ നടത്തിയ ചിത്രന്‍ നമ്പൂതിരിപ്പാട് ലളിത ജീവിതത്തിന്റെ അടയാളമായിരുന്നു. 1957ല്‍ ഇഎംഎസ് സര്‍ക്കാരിനു മലപ്പുറം ജില്ലയിലെ മൂക്കുതലയില്‍ സ്വന്തം ഉടമസ്ഥതയിലുള്ള സ്‌കൂള്‍ ഒരു രൂപയ്ക്കു നല്‍കി വിദ്യാഭ്യാസ വിപ്ലവത്തില്‍ അദ്ദേഹം പങ്കാളിയായി. വിരമിച്ച ശേഷം സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഉന്നതപദവികളും അദ്ദേഹം നിരസിച്ചു.
പൊന്നാനി താലൂക്കിലെ പകരാവൂര്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ച അദ്ദേഹം വേദവും സംസ്‌കൃതവും പഠിച്ചശേഷം തൃശൂര്‍ സെന്റ് തോമസ് കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു. പഠിക്കുമ്പോള്‍ തന്നെ ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സെക്രട്ടറിയും കോളജ് യൂണിയന്‍ സ്പീക്കറുമായി. അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്റെ പ്രഥമ സമ്മേളനത്തില്‍ ഭാരവാഹിയായി.
മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ധനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കോഴിക്കോട്ട് സുകുമാര്‍ അഴീക്കോടിന്റെ സഹപാഠിയായി അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി. ഹ്രസ്വമായ കോളജ് അധ്യാപനത്തിനു ശേഷമാണ് തന്റെ പ്രദേശത്തെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അറിവു പകരാന്‍ മൂക്കുതലയില്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിനു മുന്‍കയ്യെടുത്തത്.