ഇടുക്കി: സെൽഫി എടുക്കുന്നതിനിടയിൽ ഒന്നരലക്ഷം രൂപ വിലയുള്ള മൊബൈൽഫോൺ കൊക്കയിൽ വീണു. അഗ്നിരക്ഷാസേനയെത്തി വീണ്ടെടുത്തുനൽകി. കാഞ്ഞാർ-വാഗമൺ കണ്ണിക്കൽ വ്യൂപോയിന്റിൽ സെൽഫിയെടുക്കുമ്പോഴാണ് 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് കിടങ്ങൂർ സ്വദേശി ഹരികൃഷ്ണന്റെ ഫോൺ വീണത്.
താഴെ കല്ലുകൾക്കിടയിൽ മൊബൈൽ ഫോൺ തട്ടിനിന്നത് രക്ഷയായി. എന്നാൽ, അത്രയും താഴെ ഇറങ്ങാൻ സാധിക്കില്ലായിരുന്നു. ഒന്നരലക്ഷത്തോളം രൂപയുടെ ഫോൺ ഉപേക്ഷിച്ചുപോകാനും ഹരികൃഷ്ണന് മനസ്സുവന്നില്ല. തുടർന്നാണ് മൂലമറ്റത്ത് അഗ്നിരക്ഷാസേനയെ വിളിച്ച് വിവരം അറിയിച്ചത്.
എറണാകുളത്ത് വിദ്യാർത്ഥിയായ ഹരികൃഷ്ണനും കൂട്ടുകാരും വാഗമൺ കാണാനെത്തിയതായിരുന്നു. സേനാംഗങ്ങളായ എം പി ഷിജു, ബി എച്ച് അനീഷ്, ജി പ്രദീപ്, എൻ കെ സതീഷ് കുമാർ എന്നിവരും ഫോൺ വീണ്ടെടുക്കാൻ എത്തിയിരുന്നു.
സീനിയർ ഓഫീസർ അനൂപിന്റെ നേതൃത്വത്തിൽ ടീം സ്ഥലത്തെത്തി. 90 അടിയോളം താഴ്ചയിൽ രണ്ട് കല്ലുകൾക്കിടയിലായിരുന്നു ഫോൺ. സേനാംഗം മനു ആന്റണി രണ്ട് വടങ്ങൾ കൂട്ടിക്കെട്ടി താഴേയ്ക്കിറങ്ങി ഫോൺ എടുത്തു നൽകുകയായിരുന്നു.